Skip to main content

അന്താരാഷ്ട്ര ബാലവേല ദിനാചരണം ഇന്ന്

 

അന്താരാഷ്ട്ര ബാലവേല ദിനാചരണത്തിന്റെ ഭാഗമായി ഇന്ന്(ജൂണ്‍ 12) ബാലവേല, ബാലവേല നിരോധന ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജന ബോധവത്കരണം നടത്തുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 9.30ന് സബ് ജഡ്ജ് ആര്‍.മിനി നിര്‍വഹിക്കും. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം നടത്തും.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ബാലവേലക്കെതിരെ തെരുവ് നാടകങ്ങള്‍, സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൂട്ടയോട്ടം തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടവും, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും, ജില്ലാ ലീഗല്‍ സര്‍വീസസ്സ് അതോറിറ്റിയും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും, ജില്ലാ ലേബര്‍ ഓഫീസും, ബച്ച്പന്‍ ബാചാവോ ആന്തോളനും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെയാണ്  ജില്ലയില്‍ ബാലവേല നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ബാലവേലയുമായി ബന്ധപ്പെട്ടു 4 കേസുകളില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ചെറുകിട വ്യവസായ ശാലകള്‍, മറ്റിടങ്ങളിലും ജോലി ചെയ്യുന്ന രീതിയില്‍ കുട്ടികളെ കണ്ടെത്തുകയാണെങ്കില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെയോ (0483 2978888), ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ, ജില്ലാ ലേബര്‍ ഓഫീസറെയോ (0483 2734814), ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയോ (1098), തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ (100, 1091) വിവരം അറിയിക്കണം.

 

date