Skip to main content

പാലിയേറ്റിവ് കെയര്‍ പദ്ധതിയ്ക്ക് പ്രാധാന്യം നല്‍കും:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

 

 

ജില്ലയിലെ പാലിയേറ്റിവ് കെയര്‍ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ക്കും ഉപാദ്ധ്യക്ഷന്‍മാര്‍ക്കും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ക്കും ആരോഗ്യസ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമുളള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള മിഷന്റെ ഭാഗമായുളള ആര്‍ദ്രം പദ്ധതി ഉള്‍പ്പടെയുളള പദ്ധതികള്‍ ആരോഗ്യരംഗത്ത് വിജയകരമായി നടപ്പാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക്  ജില്ലാ പഞ്ചായത്ത് എല്ലാ സഹകരണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് പരിചരണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റോമി ജോര്‍ജ് സ്വാഗതവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍ നന്ദിയും പറഞ്ഞു. പാലിയേറ്റിവ് പരിചരണ പദ്ധതി ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യകേരളം പാലിയേറ്റിവ് പരിചരണ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്.

                                                   (കെ.ഐ.ഒ.പി.ആര്‍-2153/17)    

date