വൈദ്യര് സ്മാരകത്തിന് 20 വയസ്സ്: അടയാളമായി മാനവീയം മക്കാനി തുടങ്ങി
സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തിന് 20 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍, മാപ്പിള കലാ അക്കാദമി എന്ന നിലയില്‍ മാപ്പിളത്തനിമയുള്ള ഒരു സംരംഭം കൂടി. മലപ്പുറത്തിന്റെ രുചിക്കൂട്ടുമായി മാനവീയം മക്കാനി എന്ന പേരിലാണ് പുതിയ സംരംഭം തുടങ്ങിയത്. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സംരംഭമായ ഉമ്മാന്റെ വടക്കിനി മാതൃകയില്‍ കൊണ്ടോട്ടി നഗരസഭയിലെ കുടുംബശ്രീയുടെ കീഴിലുള്ള ന• അയല്‍ക്കൂട്ടത്തിലെ വനിതകളാണ് മാനവീയം മക്കാനിയുടെ നടത്തിപ്പുകാര്‍. കലാകാര•ാരും കലാസ്വാദകരും പതിവായി വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ഒത്തുചേരുന്ന അക്കാദമിയിലെ മാനവീയം വേദിയുടെ ഭാഗമായാണ് മാനവീയം മക്കാനി എല്ലാ ദിവസവും പ്രവര്‍ത്തിക്കുക.
മാനവീയം മക്കാനിയുടെ ഉദ്ഘാടനം കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ നിര്‍വഹിച്ചു. വികസന കാര്യ സ്ഥിര സമിതി ചെയര്മാന് യു.കെ മമ്മദിശ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മുന്‍ ചെയര്മാന് സി.കെ നാടികുട്ടി, പി.അബ്ദുറഹിമാന് എന്ന ഇണ്ണി, സി.മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പറോട്ട് സ്വാഗതവും സി.സി.എസ് പ്രസിഡണ്ട് സി.ശോഭന നന്ദിയും പറഞ്ഞു. കൊടപ്പനയോല വാതില്‍ തുറന്ന് മക്കാനിയിലേക്ക് പ്രവേശിച്ചായിരുന്നു ഉദ്ഘാടനം. കട്ടന്‍ ചായയും ചക്കച്ചുളയും നല്കി അതിഥികളെ സ്വീകരിച്ചത് പുതുമയായി.
1999 ജൂണ്‍ 13 നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ വൈദ്യര് സ്മാരകം ഉദ്ഘാടനം ചെയ്തത്. 2014 മുതല്‍ വൈദ്യര് സ്മാരകത്തെ ഇതര അക്കാദമികള്‍ക്ക് സമാനമായ പദവിയില്‍ മാപ്പിള കലാ അക്കാദമിയായി ഉയര്‍ത്തി. അറബി മലയാളം റിസര്‍ച്ച് ലൈബ്രറി, ഓഡിയോ- വിഷ്വല്‍ തിയേറ്റര്‍, ചരിത്ര സാംസ്കാരിക മ്യൂസിയം, പുരാരേഖാ ഗാലറി, 1921 ഫോട്ടോ ഗാലറി, കൊണ്ടോട്ടി നേര്‍ച്ച ഫോട്ടോ ഗാലറി, റിക്കാര്‍ഡിംഗ് സ്റ്റുഡിയോ, പുസ്തക പ്രസാധനം, പുസ്തക വില്‍പ്പനശാല, വിദ്യാര്‍ത്ഥികള്‍ക്കായുള്ള 3 വര്‍ഷത്തെ മാപ്പിളപ്പാട്ട് പരിശീലനം, പൊതുജനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ മാപ്പിളപ്പാട്ട് പരിശീലനം, സര്‍ക്കാര്‍ - എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാപ്പിള കലകളില്‍ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് മുന്‍ മന്ത്രി ടി.കെ.ഹംസ ചെയര്‍മാനായുള്ള വൈദ്യര് അക്കാദമിയില്‍ നടക്കുന്നത്. ഞായറാഴ്ചകളില്‍ പകല്‍ മൂന്നിന് അക്കാദമിയിലെ ടി.എ.റസാഖ് തിയേറ്ററില്‍ ചലച്ചിത്ര പ്രദര്‍ശനവുമുണ്ട്.
- Log in to post comments