അക്ഷയകേന്ദ്രങ്ങള്‍ സമയബന്ധിത സേവനം ഉറപ്പാക്കണം: കെ.ബാബു എം.എല്‍.എ
അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃതതയോടെയും സമയബന്ധിതമായും നല്‍കുന്നതായി ഉറപ്പാക്കണമെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അക്ഷയ സംരംഭകര്‍ക്കുള്ള ആധാര്‍ ചൈല്‍ഡ് എന്റോള്‍മെന്റ് സേഫ്റ്റ്‌വെയര്‍ ഉള്‍പ്പെട്ട ടാബ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറന്ന് വീഴുന്ന നവജാത ശിശുകള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് ഉറപ്പാക്കി നൂറ് ശതമാനം ഡിജിറ്റല്‍ സംസ്ഥാനമാകുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനുള്ള ആധാര്‍ സേവനം സുതാര്യമായി നടപ്പാക്കുന്നതില്‍ അക്ഷയകേന്ദ്രങ്ങള്‍ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ ആധാര്‍ രജിസ്‌ട്രേഷനുള്ള 130 കേന്ദ്രങ്ങള്‍ക്കാണ് ടാബ് വിതരണം ചെയ്തത്. പരിപാടിയില്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയായി. ജില്ലാ കലക്ടറും അക്ഷയ ചീഫ് കോഓഡിനേറ്ററുമായ ഡി.ബാലമുരളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിങ് ഓഫീസറും അക്ഷയ ജില്ലാ കോഓഡിനേറ്ററുമായ ഏലിയാമ്മ നൈനാന്‍, എന്‍.ഐ.സി ടെക്‌നിക്കല്‍ ഡയറക്ടര്‍ പി.സുരേഷ് കുമാര്‍, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി.ബോബന്‍, അസിസ്റ്റന്റ് പ്രൊജക്ട് കോഓഡിനേറ്റര്‍ ടി.എസ്.ഉമാദേവി, വി.ടി.ശോഭന, സി.ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments