പെട്രോള്‍ പമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍: മിന്നല്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം
ജില്ലയിലെ പെട്രോള്‍ പമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് എ.ഡി.എം എന്‍.എം മെഹറാലി നിര്‍ദ്ദേശം നല്കി. ജില്ലാ പെട്രോള്‍ പ്രൊഡക്ട്സ് ഗ്രീവന്‍സ് റിഡ്രസല്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ വൃത്തിഹീനമാണെന്ന പരാതിയില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായി യോഗത്തില്‍ എ.ഡി.എം പറഞ്ഞു. ശുചിത്വ കുറവുള്ള മൂന്നും, പൂട്ടി കിടക്കുന്ന ഏഴും, ശുചിമുറി ഇല്ലാത്ത ഒരു പമ്പും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിച്ചതായി യോഗത്തില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ അറിയിച്ചു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ വൃത്തിയായി സംരക്ഷിക്കുവാന്‍ യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ മുഴുവന്‍ പമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, സൗജന്യ വായു, കുടിവെള്ളം എന്നിവ ഉപഭോക്താകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇത് സംബന്ധിച്ച അറിയിപ്പ്് പമ്പുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ വായു നിറയ്ക്കുന്നവര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കാന്‍ ഓയില്‍ കമ്പനി പ്രതിനിധികളോട് യോഗം നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കള്‍ക്ക് അവര്‍ വാഹനങ്ങളില്‍ നിറയ്ക്കുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ ബില്‍ നല്കാന് പമ്പ് ഉടമസ്ഥര്‍ ബാധസ്ഥരാണെന്നും ' ഉപഭോക്കള് ബില്‍ കൈപ്പറ്റണം' എന്ന ബോര്‍ഡ് എല്ലാ പമ്പുകളിലും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. പെട്രോള്‍ പമ്പിലെ മായം ചേര്‍ക്കല്‍, അളവിലെ കുറവ് എന്നിവ പരിശോധിക്കുന്നതിന് ഓയില്‍ കമ്പി നി അധികൃതരുടെ സഹകരണത്തോടെ ഡെമോ ക്ലാസുകള്‍ പെട്രോള്‍ പ്രൊഡക്ട്സ് ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം അംഗങ്ങള്‍ക്ക് നല്കാന് യോഗത്തില്‍ തീരുമാനമായി. എ.ഡി.എമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്കുമാര്‍, ഓയില്‍ കമ്പനി പ്രതിനിധികളായ ശ്രീനാഥ് (ഐ.ഒ.സി), ശ്യാംകുമാര്ഷ(ബി.പി.സി.എല്‍), ലീഗല്‍ മെട്രോളജി അസി.കണ്ട്രോളര് ഈശ്വരന്, കണ്‍സ്യൂമര്‍ സംഘടനാ പ്രതിനിധികള്‍, പെട്രോള്‍ പമ്പ് ഡീലേഴ്സ് പ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments