Skip to main content

തേങ്കുറിശ്ശിയിലെ സ്ത്രീകളുടെ സ്വയംതൊഴില്‍ സ്വപ്നത്തിന് കരുത്തേകി ജില്ലാ പഞ്ചായത്ത്.

 

തേങ്കുറിശ്ശിയിലെ 40 സ്ത്രീകളുടെ സ്വയംതൊഴില്ലെന്ന സ്വപ്നത്തിന് കൈത്താങ്ങ് നല്‍കി ജില്ലാ പഞ്ചായത്ത്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തേങ്കുറിശ്ശി പഞ്ചായത്തില്‍ നാല് ടെക്സ്റ്റയില്‍ ആന്‍ഡ് ഗാര്‍മെന്റ് യൂണിറ്റുകളാണ് ആരംഭിച്ചത്. യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു. 

പദ്ധതി തുടങ്ങി ആദ്യഘട്ടത്തില്‍ ഈ യൂണിറ്റുകള്‍ ജില്ലയിലെ തുണി വ്യാപാരത്തിന്റെ കേന്ദ്രമായ കൊടുവായൂരില്‍ നിന്നും വലിയ തോതില്‍ തുണികളെടുത്ത് തയ്ച്ച് തിരിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത് സ്വന്തമായി വിപണി കണ്ടെത്തേണ്ടതിന്റെ ബുദ്ധിമുട്ടിനും പരിഹാരമൊരുക്കുന്നു.

ശ്രീ ദുര്‍ഗ, ശ്രീ ദീപം, ഭഗവതി, ജാസ്മിന്‍ എന്നീ നാലു യൂണിറ്റുകളാണ് ഉദ്ഘാടനം ചെയ്തത്. ഓരോ യൂണിറ്റിനും അഞ്ച് ലക്ഷം രൂപ വീതമാണ് ചെലവ്. ഇത്തരത്തില്‍ നാല് യൂണിറ്റുകള്‍ക്കായി 10 ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ 50 ശതമാനം ജില്ലാ പഞ്ചായത്ത് വഹിച്ചു. ബാക്കി 50 ശതമാനം കനറാ ബാങ്കില്‍ നിന്നും വായ്പയായി നല്‍കും. 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫ്ളോറി ടെക്സ്റ്റൈല്‍ ട്രെയിനിംഗ് ഗ്രൂപ്പാണ് വനിതകള്‍ക്ക് 32 ദിവസത്തെ പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച 10 വനിതകളാണ് ഓരോ യൂണിറ്റിലും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ആധുനിക രീതിയിലുള്ള 10 തയ്യല്‍ മെഷീനുകളാണ് യൂണിറ്റില്‍ തയ്യാറാക്കിയിരിക്കുന്നത്. 
തേങ്കുറിശി ഗ്രാമപഞ്ചായത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഇന്ദിര അധ്യക്ഷയായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ലീലാ മാധവന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം എ ചന്ദ്രന്‍, തേങ്കുറിശി ഗ്രാമപഞ്ചായത്തംഗങ്ങള്‍ , കനറാ ബാങ്ക് മാനേജര്‍ അമ്പിളി, കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റര്‍ എസ്.വി.പ്രേംനാഥ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.ആര്‍. രജനി, പഞ്ചായത്ത് സെക്രട്ടറി കെ. ദിനേഷ് എന്നിവര്‍ പങ്കെടുത്തു.

date