Skip to main content

അക്ഷയ സംരംഭകര്‍ക്കുള്ള ടാബ് വിതരണം ഇന്ന്

 

ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കുള്ള ടാബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 15) രാവിലെ 9.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കെ.ബാബു എം.എല്‍.എ നിര്‍വഹിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത 138 അക്ഷയ സംരംഭകര്‍ക്കാണ് സംസ്ഥാന ഐ.ടി മിഷന്റെ ആഭിമുഖ്യത്തില്‍ 14000 രൂപ വിലവരുന്ന ടാബുകള്‍ നല്‍കുന്നത്. ജില്ലയില്‍ 237 അക്ഷയ സംരംഭകരുണ്ടെങ്കിലും ആധാര്‍ സൂപ്പര്‍വൈസറി/ ഓപ്പറേറ്റര്‍ ടെസ്റ്റ് പാസ്സായി യോഗ്യത നേടിയ 138 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടാബുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ ഇത്തരത്തില്‍ 2073 സംരംഭകര്‍ക്കാണ് ടാബ് നല്‍കുന്നത്. ടെസ്റ്റ് പാസ്സാവുന്ന മറ്റു സംരംഭകര്‍ക്കും അടുത്ത ഘട്ടത്തില്‍ ടാബുകള്‍ നല്‍കും.  

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് എടുക്കുന്നതിനായുള്ള സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ടാബ് നല്‍കുന്നത്. സാധാരണയായി അക്ഷയ വഴി നല്‍കുന്ന സേവനങ്ങളും ടാബ് ഉപയോഗിച്ച് ചെയ്യാനാവും. പരിപാടിയോടുബന്ധിച്ച് ടാബിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ലഘു പരിശീലനവും കസ്റ്റമര്‍ സെര്‍വീസിലും ഐ.ടി.ഐ അഡ്മിഷന്‍ ഓണ്‍ലൈനാക്കിയത് സംബന്ധിച്ച പരിശീലനവും നല്‍കും. 

പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാതിഥിയാവും. അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ ജെറിന്‍ സി. ബോബന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, അക്ഷയ സംരംഭകര്‍ പങ്കെടുക്കും.

date