പരാതി പരിഹാര അദാലത്ത്; പരിഗണിച്ചത് 44 പരാതികള്‍
കണ്ണൂര്‍ താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. തലശ്ശേരി സബ്കലക്ടര്‍ ആസിഫ് കെ യൂസഫ് അദാലത്തിന് നേതൃത്വം നല്‍കി. എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. താലൂക്ക്/ വില്ലേജ് ഓഫീസുകളിലായി നേരത്തെ ലഭിച്ച 44 പരാതികളില്‍ 20 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ശേഷിക്കുന്ന പരാതികളും അദാലത്തില്‍ പുതുതായി ലഭിച്ച പരാതികളും അടിയന്തര തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പൊതുജനങ്ങളുമായി നല്ല ബന്ധം ഓഫീസുകളില്‍ ലഭ്യമാക്കണമെന്നും പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും തൃപ്തികരമായ രീതിയില്‍ അവയ്ക്ക് മറുപടി നല്‍കാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും തഹസില്‍ദാര്‍ (എല്‍ആര്‍) വിഎം സജീവന്‍ പറഞ്ഞു. തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പരാതികള്‍, ബാങ്ക് വായ്പയില്‍ ഇളവ് ലഭിക്കുന്നത് സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ കൂടുതലായും ലഭിച്ചത്. തഹസില്‍ദാര്‍ റോയ് തോമസ്, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/1998/2019
- Log in to post comments