Skip to main content

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം;  എതിര്‍ക്കുന്നത് ഭാവി തലമുറയോടുള്ള ക്രൂരത - മന്ത്രി എം.എം. മണി

   അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് തനിക്കിപ്പോഴുമുള്ളതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.  വികസന പദ്ധതികള്‍ വരുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അതിനെ എതിര്‍ക്കുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി.  ശാസ്തമംഗലത്തിന് സമീപത്തുള്ള കാടുവെട്ടി മൈക്രോ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ഭക്ഷണവും ശുദ്ധജലവും പോലെ മനുഷ്യന് ഏറ്റവും ആവശ്യമായതാണ് ഊര്‍ജമെന്നും കാടുവെട്ടിയിലെ പോലുള്ള പദ്ധതികള്‍ കൂടുതല്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.  എവിടെ ഡാമും ജലവൈദ്യുത പദ്ധതികളുമുണ്ടോ ആ പ്രദേശത്ത് വെള്ളവുമുണ്ടാകും.  ഭാരതപ്പുഴയുടെ ഇപ്പോഴത്തെ അവസ്ഥ മാറണമെങ്കില്‍ അവിടെയും ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ ആഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  ആവശ്യത്തിന് വൈദ്യുതി പുറമേ നിന്ന് വാങ്ങിയിട്ടാണെങ്കിലും വൈദ്യുതി നിയന്ത്രണവും പവര്‍ക്കട്ടും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.
    സംസ്ഥാന ഊര്‍ജവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇ.എം.സി) ആണ് പദ്ധതി നടപ്പാക്കുന്നത്.  കൃത്രിമമായി സൃഷ്ടിക്കുന്ന ചുഴിയുടെ ശക്തിയിലാണ് വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്.  20 കിലോ വാട്ടാണ് ഉല്‍പ്പാദനശേഷി.  തിരുവനന്തപുരം നഗരസഭയ്ക്കാണ് വൈദ്യുതി നല്‍കുന്നത്.
    കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായ പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ കാഞ്ഞിരംപാറ രവി, വികസനകാര്യ കമ്മറ്റി അധ്യക്ഷന്‍ വഞ്ചിയൂര്‍. പി. ബാബു, ഇ.എം.സി ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, അനര്‍ട്ട് ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, ഇ.എം.സി ജോയിന്റ് ഡയറക്ടര്‍ ജി. അനില്‍, വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.
 

date