Skip to main content

വീട്ടിക്കുന്ന് കുടിവെള്ള പദ്ധതി -ഭൂമി ഏറ്റെടുക്കാന്‍ കലക്ടറുടെ ഉത്തരവായി

 

മഞ്ചേരി നഗരസഭയിലെ വീട്ടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിന് വേണ്ടി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാന്‍ ജില്ലാകലക്ടര്‍ അനുമതി നല്‍കി ഉത്തരവായി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിദ്ഗദ്ധ സമിതിയുടെ വിലയിരുത്തലും സാമൂഹ്യപ്രത്യാഘാത പഠനവും പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി എറ്റെടുക്കുന്നതിന് അനുമതി നല്‍കിയത്. മഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍(10 സെന്റ്) ഭൂമിയാണ് ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശനിയമ പ്രകാരം ഏറ്റെടുക്കുന്നത്.

സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി   വിദഗ്ധ സമിതി ചെയര്‍മാന്‍ എം.ഐ.സി കോളെജ്  പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്റെ നേതൃത്വത്തില്‍ അംഗങ്ങളായ മുന്‍ എ.ഡി.എം. എം.ബാലകൃഷ്ണക്കുറുപ്പ്, സാങ്കേതിക വിദഗ്ധ അംഗം വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സിദ്ധീഖ്, ഡോ.സാജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സക്കീന, കെ. സി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.  2.8 കോടി രൂപ ചെലവഴിച്ചാണ് 2500-ല്‍ പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന വീട്ടിക്കുന്ന് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.

 

date