Skip to main content

കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായി

 

പൊന്നാനി താലൂക്കില്‍ കടലാക്രമണത്തില്‍ 12 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. പൊന്നാനി, പെരുമ്പടപ്പ്, വെളിയങ്കോട് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ്  വീട് നഷ്ടപ്പെട്ടത്. 99 വീടുകള്‍  ഭാഗികമായും തകര്‍ന്നു. പൊന്നാനി  അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭാ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. തീരത്തെ നൂറുകണക്കിന് തെങ്ങുകളും കടലെടുത്തിട്ടുണ്ട്.
രൂക്ഷമായ കടല്‍ ക്ഷോഭം നേരിടുന്ന അടിയന്തിര സാഹചര്യത്തില്‍ താലൂക്കില്‍  കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.    സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ചേമ്പറില്‍ നടന്ന അടിയന്തിര  യോഗത്തിലാണ് കടല്‍ഭിത്തി നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കടല്‍ഭിത്തി നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ അഴീക്കല്‍ ലൈറ്റ് ഹൗസ് പ്രദേശം മുതലാണ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്.  വീടുകള്‍ നഷ്ടപ്പെടുന്ന മേഖലയില്‍ കല്ലിട്ട് ഫ്‌ളഡ് ബണ്ടുകള്‍ നിര്‍മ്മിച്ച് സംരക്ഷണം ഒരുക്കും.
കടലാക്രമണ ഭീഷണി നേരിടുന്നവര്‍ക്കായി ക്യാപുകളും താലൂക്കില്‍ ഒരുക്കിയിട്ടുണ്ട്. പൊന്നാനി ആനപ്പടി എ.എല്‍.പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂള്‍, വെളിയങ്കോട് ആനകത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ആരും തന്നെ ക്യാംപിലേക്ക് മാറിയിട്ടില്ല. ബന്ധുവീടുകളിലേക്ക് മാറുകയാണ് ചെയ്തിരിക്കുന്നത്.

 

date