ഐഎസ്ഒ തിളക്കവുമായി മാള ഗ്രാമപഞ്ചായത്ത്
മാള ഗ്രാമപഞ്ചായത്തിന് മികച്ച സേവനത്തിനുള്ള ഐഎസ്ഒ അംഗീകാരത്തിന്റെ വിജയത്തിളക്കം. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡഡൈസേഷൻ മികച്ച സേവനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ബഹുമതിയാണ് ഐ എസ്ഒ 9001:2015 അംഗീകാരം. പഞ്ചായത്തിലെത്തുന്നവർക്കു
കാലതാമസമോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ കാര്യങ്ങൾ നടത്തിയെടുക്കാനാകും എന്നതാണ് ഐഎസ്ഒ സർട്ടിഫിക്കേഷനിലൂടെ പൊതുജനത്തിന് ലഭിക്കുന്ന ഉറപ്പ്. ഓഫീസ് കാര്യങ്ങളെല്ലാം ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഞ്ചായത്ത് മാറിക്കഴിഞ്ഞു. ഇരുപതു വാർഡിന്റെയും സുതാര്യമായ ഏകോപനം ഇനി മുതൽ സാധ്യമാണ്.
ഗ്രാമവികസനം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ഐഎസ്ഒ അംഗീകാരം. ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്ന ജനങ്ങൾക്ക് കാലതാമസം ഇല്ലാതെ സേവനങ്ങൾ ഇനി മുതൽ ലഭ്യമാകും. ഇതിനായി ഫ്രണ്ട് ഓഫീസും ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തി. വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് വേണ്ട അപേക്ഷ ഫോമുകൾ ലഭ്യമാക്കാനും അവ പൂരിപ്പിച്ചു നൽകുന്നതിനും ഇത് സഹായകരമാകും. ടോക്കൺ സംവിധാനം, കുടിവെള്ളം, ഇരിപ്പിടം, അത്യാവശ്യം വേണ്ട മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങൾ ഫ്രണ്ട് ഓഫീസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓഫീസ് വിവരങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ആയതിനാൽ ഓരോ സേവനും നിർദ്ദേശിച്ച കാലപരിധിക്ക് മുൻപായി ജനങ്ങളിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികവുറ്റ ഓഫീസ് സംവിധാനം ഇനി മുതൽ പഞ്ചായത്തിന്റെ മുഖമുദ്രയാകും. ഫയലുകൾ കൃത്യമായി സൂക്ഷിക്കുന്ന റെക്കോർഡ് റൂം ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞു. നികുതി പിരിവ്, ഫണ്ട് വിനിയോഗം, വികസനാസൂത്രണം തുടങ്ങിയ നടപടികളെല്ലാം കൂടുതൽ കാര്യക്ഷമമാക്കും. നടപടി ക്രമങ്ങളെക്കുറിച്ചു വിവരങ്ങൾ അറിയുന്നതിന് പൊതുജന സൗകര്യം മുന്നിൽക്കണ്ടു വിവരാവകാശ നിയമ പ്രകാരമുള്ള സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളുടെ പേരും ഫോൺ നമ്പറും ഓഫീസിനു മുന്നിലായി സ്ഥാപിച്ചിരിക്കുന്നു. ഓഫീസ് അധികൃതരുടെ പേരും ഹാജർ വിവരങ്ങളും ഓഫീസിൽ എത്തുന്ന ഏതൊരാൾക്കും കാണാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഐഎസ്ഒ അംഗീകാരത്തിലേക്കുള്ള ആദ്യപടിയായി പഞ്ചായത്ത് പൗരത്വ സർവ്വേ നടത്തി. ഗ്രാമസഭകളിലും മെമ്പർമാർ മുഖാന്തരം ഫോറം വിതരണം ചെയ്തു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി. ജനപ്രതിനിധികളുടെ തൃപ്തിപരമായ സേവനം, തൊഴിലുറപ്പ് പദ്ധതി നിർവഹണം, ഓൺലൈൻ സൗകര്യങ്ങൾ, നോട്ടീസ് ബോർഡ് അറിയിപ്പ്, പഞ്ചായത്ത് പരിസരത്തെ പാർക്കിംഗ് സൗകര്യം തുടങ്ങി 28 ചോദ്യങ്ങളടങ്ങിയ ഫോറം പൂരിപ്പിച്ചു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്.
1953 ലാണ് മാള പഞ്ചായത്ത് രൂപീകൃതമായത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ജനങ്ങൾ ക്കിടയിലേക്ക് പോരായ്മകൾ വിശകലനം ചെയ്യാൻ നേരിട്ട് ഇറങ്ങിച്ചെന്നുമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇപ്പോഴെത്തിയിട്ടുള്ളത്. സദ്ഭരണം ലക്ഷ്യമാക്കി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് ഐഎസ്ഒ നിലവാരത്തിലുള്ള പഞ്ചായത്തിന്റെ ഗുണമേന്മ നയം. ജില്ലയിലെ ആദ്യത്തെ ബാല സൗഹൃദ പഞ്ചായത്ത്, ശുചിത്വ മിഷൻ നിർമൽ പുരസ്കാരം, നൂറു ശതമാനം പദ്ധതി ഫണ്ട് വിനിയോഗം എന്നി നേട്ടങ്ങൾ മാള പഞ്ചായത്തിന്റെ ചരിത്രത്തിലെ നേട്ടങ്ങളാണ്. നിലവിൽ ഉണ്ടായിരുന്ന പോരായ്മകളെയെല്ലാം മറികടക്കാൻ സാധിച്ചതിനാലാണ് ഐഎസ്ഒ അംഗീകാരം നേടാനായതെന്നു പഞ്ചായത്ത് പ്രസിഡന്റ് പി. കെ. മോഹനൻ പറഞ്ഞു. തുടർന്നും മികച്ച സേവങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പഞ്ചായത്തിലെ ഓരോ അംഗങ്ങളും ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Log in to post comments