Skip to main content

ശുചിത്വ വിഭാഗം ജീവനക്കാരെ അനുമോദിച്ചു

 

 

  കോഴിക്കോട് നഗരത്തെ ശുചിത്വ നഗരമായി സംരക്ഷിച്ചു വരുന്ന പ്രവര്‍ത്തനത്തില്‍ പങ്കുവഹിച്ച ശുചീകരണ വിഭാഗം  ജീവനക്കാരെ അനുമോദിച്ചു. മികച്ച ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും പരിസ്ഥിതി സംരക്ഷണത്തിനുള്ള 2018 ലെ പുരസ്‌ക്കാരം കോര്‍പ്പറേഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. ടൗണ്‍ഹാളില്‍ നടന്ന പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് അധ്യക്ഷത വഹിച്ചു. 

  ചടങ്ങില്‍ ഇറച്ചി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കരാര്‍ ഒപ്പുവച്ച ഫ്രഷ് കട്ട് ഏജന്‍സിയില്‍ നിന്നും ആറുമാസത്തെ റോയല്‍റ്റി തുകയായ 2.5 ലക്ഷം രൂപയുടെ ചെക്ക് കമ്പനി ചെയര്‍മാന്‍ അഗസ്റ്റിന്‍ ലിബിന്‍ പയസില്‍ നിന്നും മേയര്‍ കൈപ്പറ്റി. നിലവില്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ഒരു കിലോ ഇറച്ചി മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി ശേഖരിക്കണമെങ്കില്‍ 10 പൈസ നിരക്കില്‍ കോര്‍പ്പറേഷന് കൈമാറണം. 

  കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഡി സാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം സി അനില്‍കുമാര്‍,  ലളിത പ്രഭ,  അഡ്വ ആശാ ശശാങ്കന്‍, പി സി രാജന്‍,  രാധാകൃഷ്ണന്‍ മാസ്റ്റര്‍,  അനിതാ രാജന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

date