Skip to main content

ആര്‍ദ്രം പദ്ധതി- കൊണ്ടോട്ടിയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി -മന്ത്രി

 

ആര്‍ദ്രം പദ്ധതി നിലവില്‍ വന്ന ശേഷം കൊണ്ടോട്ടി മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നിയമസഭയില്‍ ടി.വി.ഇബ്രാഹീം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്ന മന്ത്രി. കൊണ്ടോട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. അവിടെ നാല് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, നാല് കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഒരു ആശുപത്രി അറ്റന്റന്റ് തസ്തികകള്‍ സൃഷ്ടിച്ചു. പുളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. അവിടെ ഒരു അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. ഇതു കൂടാതെ എന്‍.എച്ച്.എം മുഖേനെ ഒരു ഡോക്ടറേയും ഒരു സ്റ്റാഫ് നഴ്‌സിനെയും നിയമിച്ചു. ഇവിടെ നിലവില്‍ വൈകീട്ട് ആറ് മണി വരെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്കുള്ള വെയ്റ്റിംങ് ഏരിയ സൗകര്യവുമൊരുക്കി.
2018-19 വര്‍ഷം വാഴക്കാട്, വാഴയൂര്‍, ചെറുകാവ് എന്നീ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി  ഉയര്‍ത്തുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു വരുന്നു. അധിക തസ്തിക അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വെട്ടത്തൂര്‍ ഉപകേന്ദ്രവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ  നവീകരണ പ്രവര്‍ത്തനങ്ങള്‍ തടുങ്ങിയിട്ടില്ല. ചെറുകാവ് പഞ്ചായത്തിലെ പേങ്ങാട്, പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ്, വാഴയൂരിലെ പുതുക്കോട് വാഴക്കാട്ടെ ഊര്‍ക്കടവ്  ആരോഗ്യ ഉപകേന്ദ്രങ്ങളെ  ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സബ്‌സെന്ററായി ഉയര്‍ത്തുന്നതിനും തെരഞ്ഞെടുത്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

 

date