Skip to main content

ജില്ലയില്‍ ആഡംബര വാഹന ഉടമകളും മുന്‍ഗണനാ ലിസ്റ്റില്‍: അനധിക്യതമായി ഉപയോഗിക്കുന്ന 24,691 റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി.

    
ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഡംബര കാറുകള്‍ കൈവശവച്ചവരും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്ടെത്തി. ഇവര്‍ക്കെതിരെ പിഴവാങ്ങുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കമെന്നും ജില്ലാ സപ്ലൈ ഓഫിസിര്‍ എന്‍.ജ്ഞാന പ്രകാശ് അറിയിച്ചു. ജില്ലയില്‍ 24,691 പേര്‍ അനധിക്യതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശവെച്ചതായി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 6,602 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. 2,034 പെന്‍ഷന്‍ ഗുണഭോക്താക്കള്‍,മറ്റു വിഭാത്തില്‍ പെട്ടവരായി 16,058 പേരെയും കണ്ടെത്തിയിട്ടുണ്ട്. മറ്റ് വിഭാഗത്തില്‍ പെട്ടവരിലാണ് ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കാര്‍ഡുകള്‍ അനധിക്യതമായി കൈവശം വച്ച മുഴുവന്‍ പേരില്‍ നിന്നും പിഴയും വാങ്ങിയ സാധനത്തിന്റെ വിലയും വാങ്ങും. ഇതിനു പുറമൈ നിയമ നടപടിയും ഉണ്ടാവും.
ബെന്‍സ്, സ്‌കോഡ, ഇന്നോവ, സ്‌കോര്‍പ്പിയോ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ എ.എ.വൈ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി  പരിശോധനയില്‍ കണ്ടെത്തിയത്.  ഈ കാര്‍ഡുടമകള്‍ക്കെതിരെ എന്‍.എഫ്.എസ്.എ നടപ്പാക്കിയ 2016 നവംബര്‍ മുതല്‍ അന്യായമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പിഴ ഉള്‍പ്പെടെയുള്ള ഇക്കണോമിക് നിരക്കിലെ തുക ഈടാക്കുന്നതിന് അടിയന്തിര നടപടികള്‍ ഭക്ഷ്യവകുപ്പ് നടപ്പാക്കും.   അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍, റേഷന്‍ കാര്‍ഡ് കണ്ടുകെട്ടല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ കര്‍ശന നടപടികള്‍ വകുപ്പ് സ്വീകരിക്കും.  
    മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ / എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍മാര്‍, ആദായ നികുതി നല്‍കുന്നവര്‍, നാലു ചക്ര വാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, 25000 രൂപ പ്രതിമാസ വരുമാനമുള്ളവര്‍ക്കെതിരെ ഇനിയൊരറിയിപ്പ് ഇല്ലാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date