കാസര്‍കോട് വികസന പാക്കേജ്: നിര്‍വഹണ പ്രക്രിയകളില്‍ ഉള്‍ക്കാഴ്ച നല്കാന് ഉദ്യോഗസ്ഥര്‍ക്ക് ഏകദിന ശില്പശാല
പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം ജില്ലയ്ക്ക് വേണ്ടി പ്രത്യേകം രൂപീകരിച്ച് നടപ്പിലാക്കി വരുന്ന കാസര്‍കോട് വികസന പാക്കേജിന് വേണ്ടി പദ്ധതി നിര്‍വ്വഹണ രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്പശാല ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു.
ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ പദ്ധതി പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും പ്രാദേശിക സവിശേഷത കണക്കിലെടുത്തായിരിക്കണം പദ്ധതി രൂപീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പേരിനുമാത്രമായി പദ്ധതിക്കു വേണ്ടി പദ്ധതിയുണ്ടാക്കാതെ ഗുണഭോക്താക്കളെ കൂടി പരിഗണിച്ച് കൊണ്ടായിരിക്കണം പദ്ധതിയുണ്ടാക്കേണ്ടത്. പദ്ധതി നിര്‍വഹണത്തില്‍ ഉദ്യോഗസ്ഥര്‍ നാടിന്റെ വികസനത്തിന് ആത്മാര്‍ത്ഥമായ സേവനത്തിന് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാകരന് കമ്മീഷന് 2012ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കുന്നതില്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങളെ കുറിച്ച് ശില്പശാല ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് തയ്യാറാക്കിയ വര്‍ഷത്തെ അപേക്ഷിച്ച് സ്ഥിതി ഗതികള്‍ വളരെ മാറിയെന്നും പ്രകൃതി വിഭവം പ്രയോജനപ്പെടുത്തിയുള്ള ചില പദ്ധതികള്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉപേക്ഷിക്കേണ്ടി വന്നതായും ശില്പശാലയില് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോഴും പ്രസക്തമാണെങ്കിലും നിലവിലെ സാഹചര്യങ്ങളെകൂടി ഉള്‍പ്പെടുത്തി കാലോചിതമായി പരിഷ്കരിക്കണമെന്നും ശില്പശാലയില് അഭിപ്രായമുയര്‍ന്നു.
കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍, കേന്ദ്രസര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ ഡോ.ബി ആര് പ്രസന്ന കുമാര്‍ എന്നിവര്‍ വികസന പാക്കേജിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിച്ചു. ഡിപിആറിന്റെ പ്രാധാന്യത്തെ കുറിച്ചും അതു തയ്യാറാക്കുന്നതിനാവശ്യമായ ഘടകങ്ങളെ കുറിച്ചും ഐ എം ജി പ്രൊഫസര്‍ ഡോ.എസ് സജീവ് ക്ലാസ് എടുത്തു. തുടര്‍ന്ന് പ്രത്യേക മേഖലയ്ക്ക് വേണ്ടിയുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക സെഷനും ഉണ്ടായിരുന്നു. സി രാജേഷ് ചന്ദ്രന് (പിഡബ്ല്യൂഡി ബില്‍ഡിങ്) സംസാരിച്ചു.
- Log in to post comments