പരപ്പ ബ്ലോക്കില്‍ ആരോഗ്യജാഗ്രതാ അവലോകന യോഗം നടത്തി
നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പരപ്പ ബ്ലോക്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ആരോഗ്യജാഗ്രത അവലോകനയോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രസിഡന്റുമാര്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അവലോകനയോഗം ചേര്‍ന്നത്.
ജില്ലാ സര്‍വ്വയലന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ് പരപ്പ ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധികളും അതിനെ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.
പകര്‍ച്ചാവ്യാധികളെ സംബന്ധിക്കുന്ന രോഗപ്രതിരോധമാര്‍ഗങ്ങളുടെ ഭാഗമായി വീടുകളിലും പരിസരപ്രദേശങ്ങളിലും ശ്രദ്ധിക്കാതെ പോകുന്ന കൊതുകു കൂത്താടികള്‍ വളരുന്ന സാഹചര്യങ്ങള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണെന്നും രോഗം റിപ്പോര്‍ട്ട്‌ചെയ്ത സ്ഥലങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണെന്നും പകര്‍ച്ചാവ്യാധി മരണങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും സ്‌കൂള്‍ കോളേജ് കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടാതാണെന്നും യോഗം ചര്‍ച്ചചെയ്തു.
രോഗാതുരത കുറയ്ക്കുന്നതിന്റെ ഭാഗമായി പരപ്പ ബ്ലോക്കിനുകീഴില്‍ പഞ്ചായത്തു തലത്തില്‍ ജനപ്രതിനിധികള്‍ മറ്റു സന്നദ്ധ സംഘടനകള്‍, പുരുഷ സ്വയംസഹായ സംഘടനകള്‍,വിവിധ ക്ലബ്ബുകള്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍, പരിസരനിവാസികളുടെ സഹകരണം ഉറപ്പാക്കിയുള്ള മെഗാക്ലീനിംങ്ങ് ക്യാമ്പയിന്‍ ജൂലൈ ഏഴിന് നടത്തും. ഇത് സംബന്ധിക്കുന്ന ആലോചനയോഗ ംപഞ്ചായത്തുതലത്തില്‍ വിളിച്ചുചേര്‍ക്കും. ഉറവീടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടംമേഖലകള്‍ക്കെതിരെ പഞ്ചായത്തുതല നിയമനടപടികള്‍ സ്വീകരിച്ചു ഫൈന്‍ ഇടാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, വൈസ് പ്രസിഡന്റ് പി.തങ്കമണി, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍്മാന്‍ അഡ്വ.വേണുഗോപാല്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാധാമണി, ഈസ്റ്റ് എളേരിപഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന തോമസ്, വെസ്റ്റ് വെള്ളരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, കിനാനൂര്‍ കരിന്തളം വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാംബിക, പനത്തടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി.സുകു, പരപ്പ ബ്ലോക്കിന് കിഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments