എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കും -മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രക്തം കട്ടപിടിക്കുന്ന സ്ട്രോക്ക് ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. സംഭവിച്ച് 4 മണിക്കൂറിനകം രക്തക്കട്ട അലിയിച്ചു കളയാനുളള മരുന്നു നല്‍കുകയാണെങ്കില്‍ രോഗത്തിന്റെ പ്രഹരശേഷി കുറക്കുന്നതിനോ, പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനോ സാധിക്കും.
സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ഇതിന് ചികിത്സയുളളത്. ആരോഗ്യവകുപ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ട്രോക്ക് ക്ലിനിക്കുകള്‍ എറണാകുളം ജി.എച്ച്, പത്തനംതിട്ട ജി.എച്ച്, പാലക്കാട് ഡി.എച്ച്, തിരുവനന്തപുരം ജി.എച്ച് (പുരോഗമിക്കുന്നു), കണ്ണൂര്‍ ഡി.എച്ച് (പുരോഗമിക്കുന്നു) എന്നീ ആശുപത്രികളില്‍ ആരംഭിച്ചിരുന്നു. സി.ടി സ്‌കാന്‍ ഉളള ഈ ആശുപത്രികളില്‍ ടെലി മെഡിസിന്‍, ടെലി റേഡിയോളജി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍.സി.ഡി കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
45000 രൂപയോളം വരുന്ന ഇതിന്റെ മരുന്നായ ആര്‍.ടി.പി.എ, കെ.എം.സി.എല്ലിലൂടെ വാങ്ങി ആശുപത്രികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെലി ന്യൂറോളജി വിഭാഗവുമായി ടെലി സ്ട്രോക്ക് പദ്ധതിയും പരീക്ഷിച്ചുവരുന്നുണ്ട്. ഫിസിയോതെറാപ്പി യൂണിറ്റുമായി ചേര്‍ന്ന് സ്ട്രോക്ക് റീ ഹാബിലിറ്റേഷന്‍ യൂണിറ്റുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്.
നാളിതുവരെ 26 രോഗികള്‍ക്ക് ടി.പി.എ ഉപയോഗിച്ചുളള ത്രോമ്പോളിസിസ് തെറാപ്പി നല്‍കുകയും പക്ഷാഘാതവിമുക്തരാക്കി ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനും സാധിച്ചു. ഈ സാമ്പത്തികവര്‍ഷം ഇത് എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്നതായും ഇതിനുള്ള ബൃഹത് പദ്ധതിക്ക് ശ്രീ ചിത്ര ആശുപത്രിയുമായി ചേര്‍ന്നു രൂപം കൊടുത്തതായും മന്ത്രി അറിയിച്ചു.
പി.എന്‍.എക്‌സ്.4714/17
- Log in to post comments