Skip to main content

പൊതുസ്ഥലങ്ങളിലെ അപകടകരമായ  മരം മുറിക്കാന്‍ ഉത്തരവ്

കാലവര്‍ഷ തുലാവര്‍ഷ ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ ബോര്‍ഡുകള്‍/ കോര്‍പ്പറേഷന്‍ മേധാവികള്‍ക്ക് ദുരന്ത നിവാരണ നിയമം പ്രകാരം നിര്‍ദ്ദേശം നല്‍കി. ഇതിനുള്ള തുക ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന കണ്ടെത്തണം. നിര്‍ദ്ദേശം അനുസരിക്കാത്ത സ്ഥാപനമേധാവികളുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും ഉത്തരവാദികള്‍ അവര്‍തന്നെ ആയിരിക്കുന്നതും നഷ്ട പരിഹാരം നല്‍കുവാന്‍ ബാധ്യത ഉണ്ടായിരിക്കുന്നതുമാണ്. അപകടാവസ്ഥയിലെന്നും അടിയന്തരമായി മാറ്റേണ്ടത് എന്നും കണ്ടെത്തുന്ന മരങ്ങളും മരച്ചില്ലകളും മുറിക്കാനുള്ള അനുമതിക്കായി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ പ്രകാരം പ്രാദേശികമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശ പ്രകാരം തഹസീല്‍ദാര്‍മാര്‍ക്ക് മരങ്ങളും മരച്ചില്ലകളും മുറിക്കുവാനുള്ള ഉത്തരവ് നല്‍കുന്നതിനും ചുമതലപ്പെടുത്തി. അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്ക് ശേഷം മാത്രമേ മരം മുറിക്കുവാന്‍ പാടുള്ളൂ. മറ്റ് വകുപ്പുകളുടെ ഭൂമിയില്‍ ഉള്ള മരം കോതി ഒതുക്കുവാനും മുറിച്ച് മാറ്റാനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പണം വിനിയോഗിക്കുവാന്‍ പാടില്ല. എന്നാല്‍ അംഗീകൃത ദുരന്തത്തില്‍ വീഴുന്ന മരം മുറിച്ച്മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി മരം മുറിച്ച് നീക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് തുക ചെലവഴിക്കാവുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. 
 

date