Skip to main content

വിദ്യാഭ്യാസത്തിൽ സർക്കാരിന് ലാഭക്കണ്ണില്ല;  സ്‌കൂളുകൾ അടച്ചുപൂട്ടില്ല: മന്ത്രി ഏ സി മൊയ്തീൻ

പൊതുവിദ്യാഭ്യാസത്തെ സംസ്ഥാന സർക്കാർ ലാഭക്കണ്ണുക്കൊണ്ട് കാണുകയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ. കുന്നംകുളം നിയോജക മണ്ഡലത്തിലെ വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിലും സ്‌കൂളുകളെ സംരക്ഷിച്ചു നിർത്തുന്നതിലും സർക്കാർ ഇനിയും ശ്രദ്ധ ചെലുത്തും. വളരുന്ന തലമുറയ്ക്ക് അറിവു പ്രദാനം ചെയ്യുന്നതിനായി സമൂഹത്തെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാനാണ് സർക്കാർ ശ്രദ്ധ ചെലുത്തുക. ഒരു വിദ്യാഭ്യസ സ്ഥാപനവും അടച്ചു പൂട്ടാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കിഫ് ബി യിലൂടെ 6000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. വിദ്യാർത്ഥികളെ ലഹരിക്കടിപ്പെടാതെ സംരക്ഷിച്ചു നിർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കടകൾ അടച്ചു പൂട്ടും. ഇത്തരം കാര്യങ്ങൾക്ക് പ്രത്യേക സ്‌ക്വാഡ് പ്രവർത്തനം സംസ്ഥാന തലത്തിൽ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കുന്നംകുളം നിയോജക മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കാൻ 2.87 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുന്നംകുളം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ സ്‌കിൽ പാർക്ക് നിർമ്മിക്കാൻ 10 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് കുന്നംകുളം നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്‌ളസ് ടു ഉന്നത വിജയികൾക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. വൈസ് ചെയർമാൻ പി എം സുരേഷ്, ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുമതി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം പത്മിനി, പഞ്ചായത്തു പ്രസിഡന്റുമാരായ കെ.കെ സതീശൻ, ഓമന ബാബു, രമണി വിജയൻ, ഷേർളി ദിലീപ് എന്നിവർ പങ്കെടുത്തു. ചാവക്കാട് വിദ്യാഭ്യാസ ജില്ല ഡിഇഒ ഷറഫുന്നീസ സ്വാഗതവും കുന്നംകുളം വിദ്യാദ്യാസ ഉപജില്ല എ ഇ ഒ സച്ചിദാനന്ദൻ നന്ദിയും പറഞ്ഞു.

date