Skip to main content

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി

 

ജില്ലയിലെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വകുപ്പ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കും. ആറന്മുള, പെരുന്തേനരുവി, കോന്നി, അടവി എന്നിവിടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യം,പരിസര ശുചിത്വം, പൊതുസൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവന ലഭ്യത എന്നിവ ഉറപ്പുവരുത്തി ബഹുജന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീന്‍കാര്‍പ്പറ്റ്. പൊതുമരാമത്ത്, ആരോഗ്യം, ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, വനം, പരിസ്ഥിതി എന്നീ വകുപ്പുകളോടൊപ്പം കുടുംബശ്രീ, ശുചിത്വ മിഷന്‍, എന്‍എസ്എസ് സാങ്കേതിക സെല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സമൂഹം, ടൂറിസം വ്യവസായികള്‍, സന്നദ്ധ-സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 

മാലിന്യ നിര്‍മാര്‍ജനം, പൊതു ശൗചാലയം, പൊതു സൗകര്യങ്ങള്‍, ശുദ്ധജലം, ആഹാരം, ഹരിത തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, സംരക്ഷണവും സുരക്ഷിതത്വവും, വിവര ലഭ്യത, പരിശീലനം, തദ്ദേശ പങ്കാളിത്തം, ഡെസ്റ്റിനേഷന്‍ മാനേജര്‍മാരുടെ സേവനം എന്നീ സൗകര്യങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കും. 

പദ്ധതി വിഭാവനം ചെയ്യുന്ന പത്തിന പരിപാടികളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ പ്രവര്‍ത്തനം നടത്തുക. പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, ആക്ഷേപങ്ങള്‍ എന്നിവ ചുമതലപ്പെട്ട ഡെസ്റ്റിനേഷന്‍ മാനേജരെ അറിയിക്കാം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു ള്ള റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനും പ്രധാന കേന്ദ്രങ്ങളി ല്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. 

ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നാറാറണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.സുന്ദരേശന്‍, ഡിറ്റിപിസി സെക്രട്ടറി ഷംസുദ്ദീന്‍, ആറന്മുള കണ്ണാടി സൊസൈറ്റി പ്രതിനിധി ഗോപകുമാര്‍, അജി അലക്‌സ്, ജോജി മാലേക്കല്‍, വരദരാജന്‍ പെരുന്തേനരുവി, പള്ളിയോട സേവാസംഘം പ്രതിനിധി അശോകന്‍ മാവുനി ല്‍ക്കുന്നതി ല്‍, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 3443/17)

date