ഭവന നിര്‍മ്മാണത്തിന് നീലേശ്വരം നഗരസഭ ബാങ്കുകളുമായി കൈകോര്‍ക്കുന്നു
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയാണ് പി.എം.എ.വൈ/ലൈഫ് പദ്ധതി.
ഈ പദ്ധതി പ്രകാരം നീലേശ്വരം നഗരസഭയില്‍ 460 വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. ഇവയില്‍ 150 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ടു ലക്ഷം രൂപ വീതമാണ് ഓരോ ഗുണഭോക്താവിനും നഗരസഭ നല്‍കുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന നഗരസഭയുടെ സ്വപ്നപദ്ധതിയുടെ ഭാഗമായി അടുത്തഘട്ടം എന്ന നിലയില്‍ ക്രഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി എന്ന ഘടകത്തിന്‍കീഴില്‍ ഇടത്തരം വരുമാനക്കാര്‍ക്കും താരതമ്യേന സാമ്പത്തിക ശേഷിയുള്ളവര്‍ക്കും ഭവന നിര്‍മ്മാണത്തിനായി ബാങ്ക് വായ്പ വഴി സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നഗരസഭാ പരിധിയില്‍ താമസിക്കുന്ന സ്വന്തമായി ഭവനമില്ലാത്ത ഇടത്തരം വരുമാനക്കാര്‍ക്കും സ്വന്തം ഭവനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് നീലേശ്വരം നഗരസഭ ലക്ഷ്യമിടുന്നത്.
സാമ്പത്തികശേഷിക്കനുസരിച്ച് പലിശയിളവോടെ ദേശസാത്കൃത ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും ആഭിമുഖ്യത്തില്‍ ഭവന നിര്‍മ്മാണത്തിനായി ലോണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം നഗരസഭ ബാങ്ക് മാനേജരുമായി ചര്‍ച്ച നടത്തി. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജൂലൈ 10 ന് രാവിലെ 10.30 മുതല്‍ നീലേശ്വരം നഗരസഭാ പരിധിയിലെ ബാങ്ക് മാനേജര്‍മാരുമായി ഗുണഭോക്താക്കള്‍ക്ക് മുഖാമുഖം പരിപാടി നഗരസഭ അനക്‌സ് ഹാളില്‍ നടത്തും. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയില്‍ ബാങ്ക് വായ്പ വഴി ഭവന നിര്‍മ്മാണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും. സബ്‌സിഡി നിരക്കില്‍ ബാങ്ക് വായ്പ വഴി വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ ഈ മുഖാമുഖം പരിപാടി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനും, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.രാധയും പറഞ്ഞു.
- Log in to post comments