Skip to main content

വേമ്പനാട്ടു കായൽ സംരക്ഷണത്തിന്  ജില്ലാ സ്വീകരിച്ച നടപടികൾ:  നിയമസഭാ പരിസ്ഥിതി സമിതി  തെളിവെടുത്തു 

 

 

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ സംരക്ഷണത്തിന് ജില്ലയിൽ വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് നിയമസഭാ പരിസ്ഥിതി സമിതി  തെളിവെടുപ്പു നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  തെളിവെടുപ്പ് യോഗത്തിൽ സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വേമ്പാട്ടുകായൽ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച്  ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.അനധികൃത കായൽ കയ്യേറ്റം, തീരത്തോടു ചേർന്നുള്ള നിർമ്മാണ പ്രവൃത്തികൾ, മാലിന്യം നിക്ഷേപിക്കൽ എന്നിവ മൂലം നാശം നേരിടുന്ന  വേമ്പനാട്ടു കായലിന്റെ വിസ്തൃതിയിലും ജലത്തിന്റെ അളവിലും ശുദ്ധതയിലും   ജൈവസമ്പത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ചെയർമാൻ പറഞ്ഞു. 

 

നിരവധി പേർക്ക് ഉപജീവന സംരക്ഷണം നൽകുന്ന വേമ്പനാട്ടു കായലിൽ നേരിടുന്ന മലിനീകരണം ഏറ്റവും ഭീകരമാണ്. കായൽ കയ്യേറ്റവും വർധിച്ച നിർമ്മാണ പ്രവൃത്തികളും കായലിന്റെ ശേഷി കുറച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ മത്സ്യങ്ങളും  ജീവിസമൂഹവും നിലനിന്നിരുന്ന കായലിന്റെ ആഴം പലയിടങ്ങളിലും എട്ട് മീറ്ററിൽ താഴെയാണ്.പോള തിങ്ങിക്കിടക്കുന്ന കായൽ ജലത്തിൽ ഒക്‌സിജന്റെ അളവും കുറവാണ്. കായലിന്റെ നാശം തടയുന്നതിന് നിയമ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം ജനങ്ങളുടെ സാംസ്‌ക്കാരികബോധം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.  വേമ്പനാട്ടു കായലിന്റെ സംരക്ഷണം ഏതെങ്കിലും ഒരു വകുപ്പിന് മാത്രം ഉറപ്പു വരുത്താൻ പറ്റുന്നതല്ല.

 

എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം  അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജലാശയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അവ നേരിടുന്ന പ്രശ്‌നങ്ങളും  സംബന്ധിച്ച്അതത് പ്രദേശത്തെ ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരിക്കണം. 

 

നീരൊഴുക്ക് കുറഞ്ഞ് കായലിന്റെ നടുവിൽ മണൽതിട്ടകൾ രൂപം കൊള്ളുന്നതായും കായൽ മലീനികരണം തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ പറഞ്ഞു. തീരപരിപാലന നിയമം കർശനമാക്കണം. കായൽ മേഖലയുടെ സംരക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് പ്രദേശവാസികളുടെ നിർദ്ദേശങ്ങൾ   പരിഗണിക്കുക, വേമ്പനാട്ടു കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിയിച്ചു.. വേമ്പനാട്ടു കായലിന്റെ പഴയ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം വകുപ്പു മേധാവികൾ  സമിതിക്ക് നൽകണമെന്ന് ചെയർമാൻ നിർദ്ദേശിച്ചു. പൊതുജനങ്ങൾക്കും സംഘടനകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമിതിക്ക് നൽകാവുന്നതാണ്.  ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം തിരുവനന്തപുരത്ത് ചേർന്ന കൂടുതൽ തെളിവെടുപ്പ് നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.  സമിതി അംഗങ്ങൾ എം.എൽ.എ.മാരായ  അനിൽ അക്കര, ഒ.ആർ.കേളു, എം.വിൻസെന്റ്, ജില്ലാ കളക്ടർ ടി.വി.അനുപമ, സബ് കളക്ടർ വി.ആർ.കൃഷ്ണ തേജാ മൈലാവരാപ്പൂ, എ.ഡി.എം.ഐ.അബ്ദുൾ സലാം,  ഡെപ്യൂട്ടി കളക്ടർ പി.എസ്.സ്വർണ്ണമ്മ,കോട്ടയം,ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പു ഉദ്യോഗസ്ഥർ പരിസ്ഥിതി സംഘടനകൾ, മത്സ്യതൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ  സംബന്ധിച്ചു.     

 (പി.എൻ.എ.3084/17) 

date