Skip to main content
മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ഓണ്‍ലൈന്‍ സേവന ശില്‍പശാല  ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യുന്നു.

ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍കരണം ഓണ്‍ലൈന്‍ സേവന ശില്‍പശാലകള്‍ക്ക് തുടക്കമായി

 

                ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍കരണത്തിന്റെ ഭാഗമായി ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും നടത്തുന്ന ശില്‍പശാലയ്ക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായി.  മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.  മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. നികുതി, പോക്കുവരവ്, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജുകള്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവ ഓണ്‍ലൈനായി ചെയ്യുന്നത് സംബന്ധിച്ച് ക്ലാസ്സുകളാണ് ശില്‍പശാലയില്‍  നടത്തുന്നത്. ഇന്ന് (ഡിസംബര്‍ 22 )രാവിലെ 10.30 ന് കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ വൈത്തിരി താലൂക്കിനായി ശില്‍പശാല നടക്കും. സു.ബത്തേരി താലൂക്കില്‍ ശില്‍പശാല ഡിസംബര്‍ 23ന് രാവിലെ 10.30 മുതല്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.

 

                 ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും സമര്‍പ്പിക്കേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ബ്രോഷര്‍ ശില്‍പശാലയില്‍ മാനന്തവാടി സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലിയ്ക്ക് നല്‍കി  പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള വാഹന പ്രചാരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റെലിസ് കോര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ ക്ലാസ്സെടുത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, വാര്‍ഡ് കൗണ്‍സിലര്‍ ശോഭാ രാജന്‍, വിവിധ ജനപ്രതിനിധികള്‍, റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

date