പട്ടികജാതിക്കാർക്കെതിരെയുളള അതിക്രമം: 34.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി
ജില്ലയിൽ അതിക്രമങ്ങൾക്കിരയായ പട്ടികജാതി വിഭാഗക്കാരായ 44 പേർക്ക് ഇതേവരെ 34,50,000 രൂപ നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്തതായി ജില്ലാ പട്ടികജാതി വിജിലൻസ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം അറിയിച്ചു. കഴിഞ്ഞ വർഷം നടന്ന അതിക്രമങ്ങളിലാണ് നിയമ നടപടികളുടെ പശ്ചാത്തലത്തിൽ ഇത്രയും തുക വിതരണം ചെയ്തത്. 59 കേസുകളിൽ തുടർ നടപടികളെടുക്കാനും ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിലുള്ള യോഗം തീരുമാനിച്ചു.
ഗവ. എൻജിനീയറിങ് കോളേജിൽ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് വാങ്ങുന്ന കോളേജ് അധികൃതരുടെ നടപടിയിൽ പരിശോധന നടത്തി ഫീസ് തിരിച്ചു നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത യു ആർ പ്രദീപ് എം എൽ എ അറിയിച്ചു. ഇതിനായി പ്രിൻസിപ്പാളിന് നിർദേശം നൽകും. പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്ന നടപടി എത്രയും വേഗം പൂർത്തിയാണം. ജില്ലയിൽ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ് സംവിധാനം വിപുലപ്പെടുത്തണം. ലംപ്‌സം ഗ്രാന്റ് ബാങ്ക് വഴി നൽകുന്നതിനാൽ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികൾക്ക് ദേശസാൽകൃത ബാങ്കുകളിൽ സീറോ ബാലൻസ് അക്കൗണ്ട് നടപ്പാക്കാനും കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ എഡിഎം റെജി പി ജോസഫ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി കെ രാജു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments