Skip to main content

കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം: സംസ്ഥാനതല ക്യാമ്പെയിൻ ഇന്ന് (ജൂലൈ 6) കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

 

 

 

കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിൽ കേരളത്തിലെ എല്ലാ കർഷകരേയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിൻ ഇന്ന്  (ജൂലൈ 6) രാവിലെ 10 ന് കോഴിക്കോട് ടൗൺഹാളിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനർ ജികെ മായ അധ്യക്ഷത വഹിക്കും.

കേരളത്തിലെ അർഹരായ എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി ബാങ്കുകൾ സംഘടിപ്പിക്കുന്നത്.

ഇതോടനുബന്ധിച്ച് ജില്ലാതലത്തിൽ ലീഡ് ബാങ്കിന്റെ നേതൃത്വത്തിലും ബാങ്ക് ശാഖകളിൽ മാനേജർമാരുടെ നേതൃത്വത്തിലും പ്രത്യേകം ക്രെഡിറ്റ് ക്യാമ്പുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. അർഹരായ കർഷകർക്ക് അടുത്തുള്ള ബാങ്ക് ശാഖ യുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. കൃഷിഭവനുകൾക്ക് അർഹരായ കർഷകരുടെ വിവരങ്ങൾ ബാങ്ക് ശാഖകളിൽ നൽകാം. വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്നു ലക്ഷം രൂപ വരെ (പലിശ സബ്സിഡി കഴിച്ച്) 4% പലിശയ്ക്ക് ലഭ്യമാണ്.

 

എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് : പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2019 വര്‍ഷത്തില്‍ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2019 ജൂലൈ ഒന്‍പത്, 10, 11 തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാക്കളോടൊപ്പം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. റാങ്ക് നം. ഒന്ന് മുതല്‍ 150 വരെ ജൂലൈ ഒന്‍പതിന്, 151 മുതല്‍ 400 വരെ 10 ന്, 400 ന് മുകളില്‍ ജൂലൈ 11 നും ഹാജരാകണം. അഡ്മിഷന് വരുമ്പോള്‍ (1) ഹാള്‍ ടിക്കറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ ഷീറ്റ്, (2) എസ്.എസ്.എല്‍.സി/പത്താം തരം സര്‍ട്ടിഫിക്കറ്റ്, (3) പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, പാസ്സ്/യോഗ്യത സര്‍ട്ടിഫിക്കറ്റ്, (4) ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, (5) സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ആറ് മാസത്തിനുളളില്‍ എടുത്തത്) (6) സ്റ്റാമ്പ് സൈസ് ഫോട്ടോ (2 കോപ്പി), (7) ഫീസ് അടച്ച് രസീതി, (8) കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (സംവരണ സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ മാത്രം), (9) മെഡിക്കല്‍ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ്, (10) വാക്‌സിനേഷന്‍ (എച്ച്.ബി.വി, എം.എം.ആര്‍ ആന്റ് ചിക്കന്‍ പോക്‌സ്) സര്‍ട്ടിഫിക്കറ്റ്, (11) 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ (100 രൂപയുടെ രണ്ടെണ്ണം) ബോണ്ട് മാതൃക കോളേജ് ലൈബ്രറിയില്‍ ലഭ്യമാണ്),  (12) എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അറ്റസ്റ്റ് ചെയ്ത കോപ്പികളും (3 സെറ്റ്) എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും സ്‌കാന്‍ ചെയ്ത സി.ഡി കോപ്പി എന്നിവയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്.

 

 

കേരള മീഡിയ അക്കാദമി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിവിധ കോഴ്‌സുകളിലേക്ക് ജൂണ്‍ 29ന് നടത്തിയ പ്രവേശനപരീക്ഷയില്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക അക്കാദമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ക്കായി അക്കാദമി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.keralamediaacademy.org). ഫോണ്‍: 0484-2422275, 2422068.

 

 

 

 

വ്യവസായ സംരംഭകർക്കുള്ള ശില്പശാല സംഘടിപ്പിച്ചു

 

 

കൊയിലാണ്ടി നഗരസഭ വ്യവസായ സംരംഭകത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.  ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി കെ പത്മിനി അധ്യക്ഷത വഹിച്ചു.

 

നിലവിലെ വ്യവസായ സംരംഭകർക്കും പുതുതായി വ്യവസായം തുടങ്ങാൻ താല്പര്യമുള്ളവർക്കും അവരവരുടെ സംരംഭം വിജയകരമായി നടത്തി കൊണ്ടുപോകുന്നതിന് ആവശ്യമായ പരിശീലനങ്ങളാണ് നൽകിയത്. കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസർ അജിത് കുമാർ ടി പി, ജൂനിയർ ചേംബർ ഓഫ് ഇന്റർനാഷണൽ കോഴിക്കോട് സോൺ  ദീപേഷ് നായർ എന്നിവർ ക്ലാസുകളെടുത്തു.

 

 ചടങ്ങിൽ സ്റ്റാൻന്റിംഗ്  കമ്മിറ്റി ചെയർമാൻമാരായ എൻ കെ ഭാസ്കരൻ, സുന്ദരൻ മാസ്റ്റർ, ദിവ്യ സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലേക്ക് മാലിന്യത്തില്‍ നിന്ന ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളെക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കുന്നതിലെക്കായി ടെലിവിഷന്‍ കലക്ടറേറ്റില്‍ സ്ഥാപിക്കുന്ന ആവശ്യത്തിലേക്കായി 43' എല്‍.ഇ.ഡി ടെലിവിഷന്‍, 16 ജീ ബി പെന്‍ഡ്രൈവ്, ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ്, ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഒന്നിച്ച് വിതരണം ചെയ്യുന്ന സ്ഥാപനഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോണ്‍ - 0495 2370677

date