മത്സ്യബോർഡ് അംഗങ്ങളുടെ മക്കൾക്ക് കായിക പ്രോത്സാഹനത്തിന് ക്യാഷ് അവാർഡ്
മത്സ്യബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കായിക രംഗത്ത് പ്രോത്സാഹനം നൽകുന്നതിന് മത്സ്യബോർഡ് ക്യാഷ് അവാർഡ് നൽകുന്നു. 2018-19 അധ്യയന വർഷത്തിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന വ്യക്തിഗത ഗ്രൂപ്പ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹരാകുന്ന വിദ്യാർത്ഥികൾക്ക്/വിദ്യാർത്ഥിനികൾക്ക് മത്സ്യബോർഡിൽ നിന്നും പ്രത്യേക ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപ, രണ്ടാം സ്ഥാനം നേടുന്നവർക്ക് 8,000 രൂപ, മൂന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ എന്നിങ്ങനെ നൽകും. ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ 5,000 രൂപ, ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 8,000 രൂപ, രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ, മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ എന്നിങ്ങനെ നൽകും.
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപയുമാണ് അവാർഡ്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 1,000 രൂപയും ലഭിക്കും.
ഒരാൾക്ക് ഒന്നിൽ കൂടുതൽ ക്യാഷ് അവാർഡുകൾക്ക് യോഗ്യത നേടാനായാലും ഏറ്റവും ഉയർന്ന ക്യാഷ് അവാർഡ് മാത്രമെ പരിഗണിക്കുകയുള്ളു. വെള്ളക്കടലാസിൽ സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം മത്സ്യബോർഡ് ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പും, മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന പാസ്സ് ബുക്ക്, വിഹിതമടച്ച പേജിന്റെ പകർപ്പ്, വിദ്യാർത്ഥിയാണെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കണം. അവസാന തിയതി ജൂലൈ 20 വൈകിട്ട് നാലുമണി.
പി.എൻ.എക്സ്.2226/19
- Log in to post comments