Skip to main content

ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് 60 ശതമാനം വരെ വിലക്കുറവിൽ  നിർമാണ സാമഗ്രികൾ ലഭിക്കും

*സെറ, നെറോലാക്, ഏഷ്യൻ പെയിന്റ്‌സ്, മലബാർ സിമന്റ്‌സ്, വീഗാർഡ്, വിപ്രോ, ഹൈക്കൗണ്ട് തുടങ്ങിയ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു
ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു. ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കായി നിർമിക്കുന്ന വീടുകൾക്കാണ് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കുക. നാലു ലക്ഷം രൂപയാണ് ഒരു വീടിന് സർക്കാർ നൽകുന്നത്. വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭിക്കുന്നത് ഏറെ ആശ്വാസം പകരും. പെയിന്റ്, സാനിറ്ററി സാമഗ്രികൾ, വാട്ടർ ടാങ്ക്, സ്റ്റീൽ, സിമന്റ്, ഇലക്ട്രിക്കൽ സാധനങ്ങൾ, പൈപ്പ് ഫിറ്റിംഗുകൾ, ടൈലുകൾ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ ലഭിക്കും. 60 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങൾ നൽകുന്നത്. ഇതിലൂടെ ഗുണഭോക്താവിന് 50,000 മുതൽ ഒരു ലക്ഷം രൂപയുടെ വരെ ലാഭമുണ്ടാവും.
മുഖ്യമന്ത്രി പിണറായി വിജയന്റെയും തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്റെയും സാന്നിധ്യത്തിൽ ലൈഫ് മിഷൻ സി. ഇ. ഒ യു. വി ജോസ് പതിനഞ്ച് കമ്പനികളുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.

സാനിട്ടറി ഫിറ്റിംഗ് രംഗത്തെ അതികായരായ സെറ, ജീറ്റ്, പെയിന്റ് നിർമാണ കമ്പനികളായ ഏഷ്യൻ പെയിന്റ്‌സ്, നെറോലാക്, ഇലക്ട്രിക്കൽ സാമഗ്രി നിർമാതാക്കളായ ലെഗ്രാന്റ്, വീഗാർഡ്, വിപ്രോ, പൈപ്പ് നിർമാണ കമ്പനികളായ ഹൈക്കൗണ്ട്, സ്റ്റാർ പ്ലാസ്റ്റിക്‌സ്, മലബാർ സിമന്റ്‌സ് തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകുക.  
നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി, ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് അടുത്തുള്ള ഏജൻസികളിൽ നിന്ന് വാങ്ങാനാവും. ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ സിമന്റ്, കമ്പി തുടങ്ങിയ നിർമാണ സാധനങ്ങൾ ഗുണഭോക്താവിന് കലവറ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. 
അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 
പി.എൻ.എക്സ്.2385/19

date