Skip to main content

പൊതുമരാമത്ത് വകുപ്പ് പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത് 39.98 കോടി

പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് ഇതുവരെ വിനിയോഗിച്ചത് 39.98 കോടി രൂപ. പൊതുമരാമത്ത് വകുപ്പിന് കീഴിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മുൻസിപ്പാലിറ്റികൾക്കും നിയന്ത്രണത്തിൽ വരുന്ന തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റ് അനുബന്ധ പ്രളയ സഹായങ്ങൾക്കും കൂടിയാണ് ഇത്രയും തുക വിനിയോഗിച്ചത്. ഇതിനു പുറമേ മുനിസിപ്പാലിറ്റി തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കാവശ്യമായ സഹായങ്ങളും തകർന്ന അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും അനുവദിച്ചിരുന്നു. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും കീഴിലായി ജില്ലയിൽ ആകെ 764 കിലോമീറ്ററോളം റോഡും 12 പാലങ്ങളും ആണ് നിർമ്മിച്ചത്. ജില്ലയിൽ 86 പഞ്ചായത്തുകളിൽ മാത്രമായി 3.23 കോടി രൂപയുടെ പ്രളയ സഹായത്തോടെ 63.341 കിലോമീറ്റർ റോഡും 9 പാലങ്ങളുമാണ് പുനർനിർമ്മിച്ചത്. ഇതിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ച എടത്തിരുത്തി പഞ്ചായത്തിൽ 1.19 കോടിയും വെങ്കിടങ്ങ്, തൃക്കൂർ, ചേലക്കര, ചേർപ്പ്, പറപ്പൂക്കര, പാണഞ്ചേരി, മടക്കത്തറ എന്നിവിടങ്ങളിലായി 1.97 കോടി രൂപയുമാണ് വിനിയോഗിച്ചത്. കൂടാതെ തദ്ദേശ സ്ഥാപനത്തിന്റെ ബജറ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ജില്ലയിൽ കാടുകുറ്റി, വരന്തരപ്പിള്ളി, എളവള്ളി, നെന്മണിക്കര, പറപ്പൂക്കര, കാട്ടൂർ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായി പ്രളയത്തിൽ തകർന്ന 9 അങ്കണവാടി കെട്ടിടങ്ങൾ 10.71 ലക്ഷം രൂപയ്ക്ക് പുനർനിർമ്മിച്ചു.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം നഗരസഭ അടിസ്ഥാനത്തിൽ 2018 ജൂൺ മുതൽ ഓഗസ്റ്റ് വരെ ജില്ലയിൽ വിവിധ മേഖലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു. തീരദേശ പ്രദേശമായ കൊടുങ്ങല്ലൂർ നഗരസഭയിൽ 37 ക്യാമ്പുകളിൽ 5921 കുടുംബങ്ങളിൽ നിന്നായി 35,525 വ്യക്തികളെ താമസിപ്പിച്ചു. ഇതിനോടൊപ്പം 23 ലക്ഷം രൂപ ചിലവഴിച്ച് പ്രളയത്തിൽ തകർന്ന 3 സ്‌കൂൾ കെട്ടിടങ്ങളും 5 അങ്കണവാടി കെട്ടിടങ്ങളും 15.8 ലക്ഷം രൂപ ചിലവഴിച്ച് 1.75 കിലോമീറ്റർ റോഡും നന്നാക്കി. ഗുരുവായൂർ നഗരസഭയിൽ ഒരു കോടി രൂപ വിനിയോഗിച്ചു കൊണ്ട് 12 കിലോമീറ്റർ റോഡും, കുന്നംകുളം നഗരസഭയിൽ 51 ലക്ഷം രൂപ വിനിയോഗിച്ച് 4.73 കിലോമീറ്റർ റോഡും തകർന്ന പാലവും, വടക്കാഞ്ചേരി നഗരസഭയിൽ 68 ലക്ഷം രൂപ വിനിയോഗിച്ച് 5.69 കിലോമീറ്റർ റോഡും 3 പാലങ്ങളും 1.60 ലക്ഷം ഉപയോഗിച്ച് തകർന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണവും, ഇരിങ്ങാലക്കുട നഗരസഭയിൽ പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റിൽ നിന്നും 60.07 ലക്ഷം ഉപയോഗിച്ച് 6 കിലോമീറ്റർ റോഡും തദ്ദേശ സ്ഥാപനത്തിന്റെ ബഡ്‌ജെറ്റിൽ നിന്നും 23 ലക്ഷം രൂപ ഉപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കും തകർന്ന അങ്കണവാടി കെട്ടിടങ്ങളുടെ പുനർനിർമ്മാണവും നടത്തി. ജില്ലയിൽ ചാലക്കുടി നഗരസഭാ മേഖലയിലായിരുന്നു പ്രളയം വിതയ്ച്ച നാശനഷ്ടങ്ങൾ ഏറെ. ജലനിരപ്പിലെ വർദ്ധനവിലുണ്ടായ വ്യതിയാനം ചാലക്കുടിയുടെ ഗതാഗത മാർഗ്ഗത്തെ നിശ്ചലതയിലെത്തിച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിൽ ബജറ്റിൽ നിന്നും 1.7 കോടി രൂപ മുടക്കി 24.5 കിലോമീറ്ററോളം തകർന്ന റോഡിന്റെ പണി പൂർത്തീകരിച്ചു.
 

date