Skip to main content

ഓഖിദുരന്തം: കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും

ഓഖി ചുഴലിക്കൊടുങ്കാറ്റ് മൂലമുണ്ടായ  നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് ഇന്റർ മിനിസ്റ്റീരിയൽ   കേന്ദ്രസംഘം നാളെ(ഡിസംബർ 28 )  ജില്ലയിലെത്തും.രാവിലെ 9.30 ന് എത്തുന്ന സംഘം ദുരന്തബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരുമായി സംഘം ആശയമിനിമയം നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ ,ജില്ലാ കളക്ടർ ടി.വി.അനുപമ,വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ സംഘത്തെ അനുഗമിക്കും. 

തൊഴിലുറപ്പു പദ്ധതി ക്രിയാത്മകമാക്കാൻ കാമ്പയിൻ സംഘടിപ്പിക്കണം-കൊടിക്കുന്നിൽ സുരേഷ് എം.പി.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതൽ ക്രിയാത്മകമായി നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാമ്പയിൻ സംഘടിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.കളക്‌ട്രേറ്റിൽ നടന്ന ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിയിലൂടെ പ്രദേശത്ത് സാധ്യമാക്കേണ്ട വികസനം സംബന്ധിച്ച കാഴ്ചപാട് ഉദ്യോഗസ്ഥർക്കുണ്ടാകണം.വ്യാപകമായി കാമ്പയിനുകൾ സംഘടിപ്പിച്ച് ഈ കാഴ്ചപാട് ജനങ്ങളുമായി പങ്കുവെയ്ക്കണം.പദ്ധതിയിൽ ചേരുന്നതിന് ചില പഞ്ചായത്തുകളിൽ സ്ത്രീകൾ മുന്നോട്ടു വരാത്തത്  പദ്ധതി സംബന്ധിച്ച ബോധവൽക്കരണക്കുറവുകൊണ്ടാണെന്ന് എം.പി പറഞ്ഞു.പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾ സംബന്ധിച്ച് പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളുംസ്വീകരിക്കണം.തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ ഫലപ്രദമാക്കുന്നതിന് സഹായകരമാകുന്ന പ്രവൃത്തികൾക്ക് മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.വിജയകുമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.പദ്ധതി പ്രകാരം ഏറ്റെടുത്ത 20851 പ്രവൃത്തികളിൽ 8436 എണ്ണം പൂർത്തീകരിച്ചു.ഇതിലൂടെ 

24,42,353 തൊഴിൽ ദിനങ്ങളാണ് നവംബർ 30 വരെ സൃഷ്ടിച്ചിട്ടുളളത്.ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾസൃഷ്ടിച്ച് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും മാരാരിക്കുളം സൗത്ത് ഗ്രാമ പഞ്ചായത്തുമാണ്.ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള   പ്രവൃത്തികളുടെ പുരോഗതിയും  അവലോകനം ചെയ്തു.ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ,പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ആർ.ദേവദാസ് ,തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ സെക്രട്ടറിമാർ,വിവിധ വകുപ്പു മേധാവികൾ സംബന്ധിച്ചു.  

date