Skip to main content

കൈറ്റിന്‍റെ ഇ@ഉത്സവ്   അവധിക്കാല കാംപ് ഇന്ന് തുടക്കം 

 

    ജില്ലയിലെ 171 സര്‍ക്കാര്‍ - എയിഡഡ് ഹൈസ്കൂളുകളിലുളള 2600 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് (ഡിസംബര്‍ 27) ഇ@ഉത്സവ് ഏകദിന കാംപ് നടക്കും.  വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ് - മുന്‍ ഐടി@സ്കൂള്‍ പ്രൊജക്ട് ) ആണ് കാംപ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 77കേന്ദ്രങ്ങളില്‍ 62 പരിശീലകരുടെ സേവനം ഉപയോഗിച്ചാണ് കാംപ് നടത്തുന്നത്. ജില്ലയില്‍ ആദ്യ ബാച്ചില്‍ 962 കുട്ടികള്‍ കാംപില്‍ പങ്കെടുക്കും. അടുത്ത ബാച്ച് 28, 29 തീയതികളില്‍ നടക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ വി.പി. ശശികുമാര്‍ അറിയിച്ചു.
    സ്കൂളുകളില്‍  നിലവിലുണ്ടായിരുന്ന ഐടി ക്ലബിനെ സ്റ്റുഡന്‍റ്സ് പൊലീസ് കെഡറ്റ് മാതൃകയില്‍ പരിഷ്കരിച്ച് അംഗങ്ങള്‍ക്ക് അഞ്ചു മേഖലകളില്‍ തുടര്‍ച്ചയായി പരിശീലനം നല്‍കി അതത് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്ന   സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' 2017 ജനുവരിയിലാണ് ആരംഭിച്ചത്. പദ്ധതിയിലെ മുഴുവന്‍ കുട്ടികള്‍ക്കും എല്ലാ മേഖലകളിലും പൊതുപരിശീലനവും, അതത് മേഖലയിലുള്ള വിദഗ്ധ പരിശീലനവും നല്‍കിയിരുന്നു. കഴിഞ്ഞ ഓണാവധിക്കാലത്ത് നടത്തിയ കാംപില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ കാംപ് സംഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വേര്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.
    ഡ്രാഗ് &ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വേറായ 'ആപ് ഇന്‍വെന്‍റര്‍' (അുു കി്ലിീൃേ)  ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്വേറായ സ്ക്രാച്ച് നിലവില്‍ എട്ടാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തില്‍ എല്ലാ വിദ്യാര്‍ഥികളും പരിചയപ്പെട്ടിട്ടുണ്ട്. പ്രോഗ്രാം കോഡിംഗിന്‍റെ നൂലാമാലകളില്ലാതെ, സോഫ്റ്റ് വേറില്‍ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകള്‍ ക്രമീകരിച്ച് അനായാസേന ഇതുപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാം.
    അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) ആണ് നിലവില്‍ ആപ് ഇന്‍വെന്‍ററിനുളള പിന്തുണ നല്‍കുന്നത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്മസ് ഗാനം കേള്‍പ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ്, മൊബൈലില്‍ മീഡിയ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപ്, കൈറ്റിന്‍റെ വിവിധ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്സ് ആപ് തുടങ്ങിയവയാണ് ആപ് ഇന്‍വെന്‍റര്‍ വഴി കുട്ടികള്‍ തയ്യാറാക്കുക.
    ഐടി മേഖലയിലെ ഇന്ത്യയില്‍ത്തന്നെ ഏറ്റവും വിപുലവും ബൃഹത്തായതുമായ ഹായ്  സ്കൂള്‍ കുട്ടിക്കൂട്ടം ശൃംഖല നടപ്പിലാക്കുന്നതിലൂടെ സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിന്‍റെ സംരക്ഷകരായി കുട്ടികളേയും ഭാഗഭാക്കാക്കുന്നതിന്  കഴിയുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ &എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

date