Skip to main content

കേരളത്തില്‍നിന്നു പ്രതിരോധ വകുപ്പ് കശുവണ്ടിപ്പരിപ്പ് വാങ്ങും

സൈനികര്‍ക്കായി പ്രതിരോധ വകുപ്പ് കേരളത്തില്‍നിന്നു കശുവണ്ടി വാങ്ങും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായുള്ള കൂടിക്കാഴ്ചയിലാണ് ഉറപ്പു നല്‍കിയത്. കശുവണ്ടി മേഖലയുടെ വികസനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു കശുവണ്ടി വാങ്ങണമെന്നാവശ്യപ്പെട്ടു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതിരോധ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.

കശുവണ്ടി സംസ്‌കരണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപെക്‌സ് എന്നിവിടങ്ങളില്‍ നിന്നു സംസ്‌കരിച്ച പരിപ്പ് വാങ്ങാന്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നത് പരിഗണിക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി അറിയിച്ചു. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കേന്ദ്ര തീരുമാനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ കശുവണ്ടി മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാകുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണിക്ക് വലിയ നേട്ടമാകുമെന്നും മന്ത്രി  മെഴ്‌സിക്കുട്ടി അമ്മ  പറഞ്ഞു. 

കേരളത്തില്‍ 30 കശുവണ്ടി സംസ്‌കരണ ഫാക്ടറികള്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും 10 എണ്ണം കാപെക്‌സിന്റെയും നിയന്ത്രണത്തിലാണുളളത്. ഇവയില്‍നിന്ന് യഥാക്രമം 200 മെട്രിക് ടണ്‍, 90 മെട്രിക് ടണ്‍ സംസ്‌കരിച്ച കശുവണ്ടി വിപണിയിലെത്തുന്നുണ്ട്. 

പി.എന്‍.എക്‌സ്.5538/17

date