Skip to main content

മാതൃശിശു ആശുപത്രി മുറ്റത്തെത്തിയ പേരാല്‍

കനത്ത മഴയില്‍ പളളപ്രം പുതുപൊന്നാനി ദേശീയപാതയോരത്ത്  കടപുഴകി വീണ കൂറ്റന്‍ പേരാലാണ്  മാതൃശിശു ആശുപത്രി മുറ്റത്ത് പുനര്‍ജ്ജനിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹകരണത്തോടെ പുനരുജ്ജീവന പ്രക്രിയ പ്രകാരമാണ് കൂറ്റന്‍ മരം  മാറ്റി നട്ടിരിക്കുന്നത്.
ശക്തമായ കാറ്റിലും മഴയിലുമാണ് ദേശീയ പാതയോരത്തെ പേരാല്‍ കടപുഴകിയത്. നഴ്‌സറി കര്‍ഷകന്‍ അനീഷ് നെല്ലിക്കുത്തിന്റെയും പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പേരാല്‍ മാറ്റി നടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ സി. പി. മുഹമ്മദ് കുഞ്ഞി എന്നിവരും മാറ്റി നടല്‍ പ്രക്രിയയ്ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കി. മരം മാറ്റി നടാനുളള ചെലവ് പൂര്‍ണ്ണമായും പൊന്നാനി നഗരസഭയാണ് വഹിച്ചത്.
ആശുപത്രി മുറ്റത്ത് വലിയ കുഴിയെടുത്ത് മരുന്ന് തളിച്ച ശേഷം വലിയ ലോറിയിലാക്കി കൊണ്ടുവന്ന മരം ക്രെയിനിന്റെ സഹായത്തോടെ ഇറക്കി വച്ചു. കാലത്ത് ആരംഭിച്ച മരം വയ്ക്കല്‍ പ്രവൃത്തി രാത്രിയോടെയാണ് അവസാനിച്ചത്. മരത്തിന്റെ പരിപാലനം നേച്വര്‍ ക്ലബ്ബ് പ്രവര്‍ത്തകരാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് മരം മാറ്റിവയ്ക്കല്‍ നടത്തിയിരിക്കുന്നത്.
(എം.പി.എം 2246/2019)
പച്ചത്തുരുത്തിലെ പേരാല്‍
പൊന്നാനി നഗരസഭയുടെ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്ന  ഈശ്വരമംഗലം ശ്മശാനത്തില്‍  നഗരസഭ ചെയര്‍മാന്‍  സി.പി  മുഹമ്മദ് കുഞ്ഞി, കൗണ്‍സിലര്‍  ഇക്ബാല്‍ മഞ്ചേരി, നഗരസഭാ ജീവനക്കാരായ സത്യപാല്‍, ജയപ്രകാശ്, ഇബ്രാഹിം കുട്ടി, വിജയകുമാര്‍ എന്നിവര്‍  ചേര്‍ന്ന് പേരാല്‍ വൃക്ഷത്തെ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്  കൊണ്ട് മാറ്റി നട്ടു പുനര്‍ജീവനം നല്‍കിയിരിക്കുകയാണ്. പൊന്നാനി പള്ളിക്കടവ് ഭാരതപ്പുഴയുടെ അരികിലുള്ള പഴകി ദ്രവിച്ച കെട്ടിടത്തില്‍  ഒരു പാട് വര്‍ഷങ്ങളായി പ്രതികൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് നില്‍ക്കുകയായിരുന്നു  പേരാല്‍.
 
പൊന്നാനിയുടെ പച്ചപ്പ് ഇവിടെയും അവസാനിക്കുന്നില്ല. നഗരസഭയുടെ കീഴിലുള്ള   ഈശ്വരമംഗലം പൊതു ശ്മശാന കോമ്പൗണ്ടില്‍ ഒരുക്കുന്ന  സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്ത പച്ചത്തുരുത്തില്‍ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും പ്രകൃതി സ്‌നേഹികളും സന്നദ്ധ പ്രര്‍ത്തകരും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് 500 ലേറെ തൈകളാണ്  ഒരുമിച്ച് വെള്ളവും വളവും നല്‍കി വച്ചുപിടിപ്പിച്ചത്.

 

date