Skip to main content
കാസര്‍കോട് നഗരസഭയിലെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോലായക്കൂട്ടം.

മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളില്‍ കോലായക്കൂട്ടം  സംഘടിപ്പിച്ച് ആരോഗ്യവകുപ്പ്

കാസര്‍കോട് നഗരസഭയിലെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോലായക്കൂട്ടം ഏറെ ശ്രദ്ധേയമായി. പതിവു ബോധവത്കരണ ക്ലാസുകളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്കിടയില്‍ മഞ്ഞപ്പിത്തത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ അവര്‍ക്കിടയിലേക്ക് തന്നെ ഇറങ്ങുചെല്ലുക എന്നതായിരുന്നു കോലായക്കൂട്ടം എന്നതിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടത്. ഇതിനായി കാസര്‍കോട് നഗരസഭയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത 20 പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുകയും കൂട്ടമായി ഇരുന്ന് ആശയവിനിമയം നടത്താന്‍ ഏതെങ്കിലും ഒരു വീട് തിരഞ്ഞെടുക്കുയും ചെയ്യുകയായിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം മൂന്ന് ആശാവര്‍ക്കര്‍മാരുമാണ് ഒരു ടീമില്‍ ഉണ്ടായിരുന്നത്. 
മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളായ ബെദിര,ടി വി സ്റ്റേഷന്‍ പരിസരം, പച്ചക്കാട്, കൊല്ലമ്പാടി,ചാല,ചാലക്കുന്ന്,പെരുമ്പള, പെരുമ്പള പാലം,സുല്‍ത്താന്‍ നഗര്‍, ടിപ്പു നഗര്‍, ടാഗോര്‍ കോളേജ് പരിസരം, അണങ്കൂര്‍,ബി സി റോഡ്,തുരുത്തി, ചാലറോഡ്,ബെദിരാ സ്‌കൂള്‍ പരിസരം,വിദ്യാനഗര്‍,ഓലത്തിരി, അണങ്കൂര്‍ ഫ്‌ളാറ്റ് പരിസരം എന്നിവടങ്ങളിലാണ് കോലായക്കൂട്ടം സംഘടിപ്പിച്ചത്. 20 സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 816 പേര്‍ പങ്കെടുത്തു. മഞ്ഞപ്പിത്തം എങ്ങനെ പകരാതെ ശ്രദ്ധിക്കാം,എടുക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെ കുറിച്ച് ചര്‍ച്ചചെയ്തു. കുടി വെള്ളം 20 മിനുറ്റ് തിളപ്പിക്കുക, പഴങ്ങളും പച്ചക്കറികളും ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുക,വിദ്യാര്‍ത്ഥികള്‍ കടകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ഐസ്‌ക്രീം മുതലായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കാന്‍ കോലായക്കൂട്ടം നിര്‍ദേശം നല്‍കി. 
കഴിഞ്ഞ ഏഴുദിവസമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പരിപാടികളാണ്  കാസര്‍കോട് നഗരസഭയില്‍ നടന്നുവരുന്നത്. ഇതു വരെയായി എട്ട് അങ്കണ്‍വാടികള്‍, അഞ്ച് സ്‌കൂളുകള്‍,ഒരു ബി എഡ് കോളേജ്,ഒരു ഐടിഐ എന്നിവിടങ്ങളില്‍ ബോധവത്കണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോലായക്കൂട്ടത്തിനുപുറമെ 1002 വീടുകളില്‍ ആരോഗ്യ വകുപ്പിന്റെനേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. 152 കിണറുകള്‍ ക്ലോറനേഷന്‍ ചെയ്തു കഴിഞ്ഞു. 193 വീടുകളില്‍ ക്ലോറിന്‍ ടാബ്ലറ്റ് നല്‍കിയിട്ടുണ്ട്. കൂടാതെ മൂന്നിടങ്ങളില്‍ നിന്നായി വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതുവരെയായി 131 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷറഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് കഴിഞ്ഞ ഏഴുദിവസമായി പ്രവര്‍ത്തിക്കുന്നത്.20 സ്ഥലങ്ങളില്‍ സംഘടിപ്പിച്ച കോലായക്കൂട്ടങ്ങള്‍ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കൃഷ്ണകുമാര്‍, അഭിലാഷ്,രാജേഷ് കെ.എസ്, ടി രവീന്ദ്രന്‍,അബ്ദുള്‍ റഹ്മാന്‍, നിതിന്‍ ആര്‍.വി, കെ ജോഗേഷ്, ഷൗക്കത്തലി, കെ സുരേഷ് കുമാര്‍, രാഹുല്‍ രാജ്,അനുപമ തുടങ്ങിയവര്‍ നേതൃത്വം  നല്‍കി. ഇതിനു പുറമെ 30 ആശാ വര്‍ക്കര്‍മാര്‍, നാല് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എം എസ് ഡബ്ലൂ വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കാളികളായി. 
 

date