Skip to main content

അത്താണിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിക്കും

    വള്ളിക്കുന്ന് അത്താണിക്കലിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് മൂന്നിന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കും. 55 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനാകും. പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയാകും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മുഹമ്മദ് ഇസ്മായില്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് അധികൃതരും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന അടക്കമുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
ആര്‍ദ്രം പദ്ധതിയിലൂടെ പരിശോധന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെ ദീര്‍ഘിപ്പിച്ചും ആധുനിക സൗകര്യങ്ങളൊരുക്കിയും രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയുമാണ് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിലയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രി പരിസരത്ത് തന്നെ ഒരുക്കിയ പുതിയ കെട്ടിടത്തില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധകുത്തിവെയ്പ്പ് കേന്ദ്രവും ആശുപത്രി ഓഫീസും സജ്ജീകരിക്കും. വള്ളിക്കുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കാലങ്ങളായി ആശുപത്രിയാണ് അത്താണിക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രം. രാവിലെ മുതല്‍ ഉച്ചവരെയുള്ള ഒ.പിയിലും ഉച്ചയ്ക്ക് ശേഷമുള്ള ഒപിയിലുമായി ദിനംപ്രതി 350ലധികം രോഗികള്‍ എത്താറുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയരാജ് പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.

 

date