നെഹ്‌റു ട്രോഫി നിറച്ചാർത്ത് മത്സരങ്ങൾ ഓഗസ്റ്റ് രണ്ടിന്
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നഴ്‌സറി-സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന 'നിറച്ചാർത്ത്' മത്സരങ്ങൾ ഓഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച രാവിലെ 10ന്് ആലപ്പുഴ നഗരസഭ ടൗൺ ഹാളിൽ നടക്കും. നഴ്‌സറി-എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്കായി കളറിങ് മത്സരം, യു.പി.-ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന(പെയിന്റിങ്) മത്സരങ്ങളാണ് നടത്തുക. കളർ പെൻസിൽ/ക്രയോൺ/ഓയിൽ പേസ്റ്റൽസ്/ജലച്ചായം/പോസ്റ്റർ കളർ തുടങ്ങി ഇഷ്ടമുള്ള മാധ്യമം ഉപയോഗിക്കാം. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനം നൽകും.
കളറിങ് മത്സരത്തിന് ജില്ലയിലെ നേഴ്‌സറി- എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. ഒരു മണിക്കൂറാണ് മത്സരസമയം.
ചിത്രരചന (പെയിന്റിങ്) മത്സരത്തിന് ജില്ലയിലെ യു.പി.- ഹൈസ്‌കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരസമയം. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മൂന്നു വിദ്യാലയങ്ങൾക്കു ട്രോഫി സമ്മാനിക്കും. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർഥിയാണെന്നുള്ള സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രം/ഐഡന്റിറ്റി കാർഡ് ഹാജരാക്കണം.
ഭാഗ്യചിഹ്നത്തിന് പേരിടാം:ഇക്കുറി സോഷ്യൽ മീഡിയ വഴി
ആലപ്പുഴ:67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് ഇപ്പോൾ പേരിടാം.തുഴയേന്തി വിജയചിഹ്നവുമായി നിൽക്കുന്ന കുട്ടനാടൻ താറാവാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി വാട്സാപ്പ്, ഫെയ്സ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങൾ വഴി പേരുകൾ നിർദ്ദേശിക്കാം. വാട്സാപ്പിൽ പേരുകൾ നിർദ്ദേശിക്കുന്നവർ ഭാഗ്യചിഹ്നത്തിന് നിർദ്ദേശിക്കുന്ന പേര്-കോൺടാക്ട് നമ്പർ എന്നിവ ഒറ്റ മെസേജ് ആയി 9496003212 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഫെയ്സ്ബുക്കിൽ പേരുകൾ നിർദ്ദേശിക്കുന്നവർ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ആലപ്പുഴ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക്് നിർദ്ദേശിക്കുന്ന പേര്-കോൺടാക്ട് നമ്പർ എന്നിവ ഒറ്റ പേഴ്സണൽ മെസേജായി അയക്കാവുന്നതാണ്. ഓഗസ്റ്റ് 2 ന് വൈകിട്ട് 5 മണി വരെയാണ് പേര് നിർദ്ദേശിക്കാനുള്ള സമയം.വിജയികൾക്ക് മുല്ലയ്ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം.
സ്വാതന്ത്യദിനം: ആലോചനയോഗം
അഞ്ചിന്
ആലപ്പുഴ: ഈ വർഷത്തെ സ്വാതന്ത്യദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേരും. ഓഗസ്റ്റ് അഞ്ചിന് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.
ശുചിത്വ മിഷൻ: മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ആദരിച്ചു
ആലപ്പുഴ: ശുചിത്വ മേഖലയിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ, ശുചീകരണ പ്രവർത്തകർ എന്നിവരെ ആദരിച്ചു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ ആസുത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അവാർഡുകൾ വിതരണം ചെയ്തു. ഭരണിക്കാവ്, ആര്യാട്, അമ്പലപ്പുഴ ബ്ലോക്കുപഞ്ചായത്തുകൾ, ചേനം പള്ളിപ്പുറം, മാരാരിക്കുളം വടക്ക്, ആര്യാട്, പുളിങ്കുന്ന്, പുന്നപ്ര തെക്ക്, കാർത്തികപ്പള്ളി, ചെന്നിത്തല തൃപ്പെരുന്തുറ, ഭരണിക്കാവ്, താമരക്കുളം, തണ്ണീർമുക്കം, ചിങ്ങോലി, ഗ്രാമപഞ്ചായത്തുകൾ, ശുചീരകണ പ്രവർത്തകരായ വേണുഗോപാൽ, മുരളി കാട്ടൂർ, കെ.കെ. രജീഷ്, ദേവരത്നം, ശ്രീലതാ എന്നിവരെയാണ് ആദരിച്ചത്. സ്വച്ഛ് മഹോത്സവ് 2019 എന്ന പദ്ധതിയിലൂടെ രാജ്യത്തുടനീളം ശൗചാലയങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, പൂർണ്ണമായും ഘര- ദ്രവ്യ മാലിന്യ സംഭരണം നടത്തുക എന്നീ പദ്ധതികൾ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നു. ബിൻസ് സി. തോമസ്, കെ.എസ്. ലതി, ബെന്നി, പി.ജി. പ്രകാശ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ലൈഫ് മിഷൻ: അവലോകനം ചെയ്തു
ആലപ്പുഴ: ലൈഫ് മിഷൻ മൂന്നാം ഘട്ടമായി ജില്ലയിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ 76 തദ്ദേശ സ്ഥാപനങ്ങളിലായി 19365 പേരാണ് ഭൂരഹിതരുടെ ലിസ്റ്റിലുള്ളത്. ഇവരുടെ അർഹത രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് പുനരധിവാസത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കും. മൂന്നാം ഘട്ട നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പദ്ധതി ഭവന സമുച്ചയങ്ങളുടെ നിർമ്മാണമാണ്. നാല് ഭവന സമുച്ചയങ്ങളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. ആലപ്പുഴ പറവൂർ, തഴക്കര, പള്ളിപ്പാട്, മണ്ണഞ്ചേരി എന്നിവടങ്ങളിലാണ് ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. പറവൂരിൽ 176ഉം, തഴക്കരയിൽ 100ഉം, പള്ളിപ്പാടും മണ്ണഞ്ചേരിയിലും 46 കുടുംബങ്ങൾക്കും വീതമാണ് ഭനവ സമുച്ചയങ്ങൾ നിർമ്മിച്ചു നൽകുന്നത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വർണമ്മ, ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ പി.പി. ഉദയസിംഹൻ, ജെ. ബെന്നി, കെ.എസ്. ലതി, പി. വിശ്വംഭരണപണിക്കർ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ഐആം ഫോർ ആലപ്പി: ആർ.ഒ. പ്ലാന്റ്
ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: അഡ്ര ഇൻഡ്യയുടെ സഹായത്തോടെ ഐആം ഫോർ ആലപ്പി പദ്ധതി വഴി ബീച്ചിൽ വിജയാ പാർക്കിന് സമീപം സ്ഥാപിച്ച ശുദ്ധജല വിതരണപ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർവ്വഹിച്ചു. അഞ്ഞൂറ് ലിറ്റർ സംഭരണ ശേഷിയുള്ള ഈ ശുദ്ധജല പ്ലാന്റ് ബീച്ച്, വിജയാ പാർക്ക് എന്നിവിടങ്ങളിൽ എത്തുന്നവർക്കും സമീപ പ്രദേശങ്ങളിലെ താമസക്കാരായ 250ഓളം കുടുംബങ്ങൾക്കും ഉപകാരപ്രദമാണ്. പാർക്കിൽ വരുന്നവർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് അഞ്ചു രൂപയ്ക്ക് ഒരു ലിറ്റർ എന്ന നിരക്കിലുമാണ് കുടിവെള്ളം ലഭ്യമാക്കിയിട്ടുള്ളത്. സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ, ഡി.റ്റി.പി.സി. സെക്രട്ടറി എം.മാലിൻ, ആഡ്രാ ഇന്ത്യയുടെ കൺട്രി മാനേജർ വാട്സൺ ഡേവിസ്, പ്രോജക്ട് മാനേജർ ദീപ്തി ഷണ്മുഖം എന്നിവർ പ്രസംഗിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ അറുപത് സ്‌കൂളുകളിലും, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിലും ആഡ്രാ ഇൻഡ്യയുടെ സഹായത്തോടെ ഐആം ഫോർ ആലപ്പി പദ്ധതി വഴി കുടിവെള്ളം ലഭ്യമാക്കിയിരുന്നു.
പടം ക്യാപ്ഷൻ:
ആഡ്ര ഇൻഡ്യയുടെ സഹായത്തോടെ ഐആം ഫോർ ആലപ്പി സ്ഥാപിച്ച ശുദ്ധജല വിതരണ പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർവ്വഹിക്കുന്നു. സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ സമീപം.
സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി
കമ്മിറ്റി യോഗം ഓഗസ്റ്റ് 14ന്
ആലപ്പുഴ: കുട്ടികളോടുള്ള ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ച് തീരുമാനെടുക്കുന്നതിലേക്കായി ജില്ല സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ഓഗസ്റ്റ് 14ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
വുമൺ കാറ്റിൽ കെയർവർക്കർമാരായി നിയമനം
ആലപ്പുഴ: ക്ഷീരവികസന വകുപ്പ് 2019-20 സാമ്പത്തിക വർഷത്തെ മിൽക്ക് ഷെഡ്ഡ് ഡെവലപ്‌മെന്റ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി യൂണിറ്റിലെ ഉദ്യോഗസ്ഥരെ സഹായിയ്ക്കുന്നതിന് ജില്ലയിലെ 12 ബ്ലോക്കിലുമുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ വുമൺ ക്യാറ്റിൽ കെയർവർക്കർമാരായി പ്രതിമാസം 6,000 രൂപ (ആറായിരം രൂപാ മാത്രം) ഇൻസെന്റീവോടെ ആറ് മാസക്കാലയളവിലേയ്ക്ക് നിയോഗിയ്ക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ചുരുങ്ങിയത് എസ്.എസ്.എൽ.സി പാസ്സായവരായിരിക്കണം. പ്രായം 18-50 ആയിരിക്കണം.വുമൺ ക്യാറ്റിൽകെയർവർക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ക്ഷീരവികസന വകുപ്പിന്റെ ജില്ലിയിലെ 12 ബ്ലോക്കുകളിലും പ്രവർത്തിയ്ക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14. ആലപ്പുഴ കല്ലുപാലത്തിന് സമീപമുള്ള ക്ഷീരവികസന വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ താഴെപ്പറയും പ്രകാരമുള്ള തീയതികളിൽ അതാത് ബ്ലോക്കുകളിലെ അപേക്ഷകരുടെ അഭിമുഖം നടക്കും. അഭിമുഖത്തിൽ അപേക്ഷകർ കൃത്യസമയത്ത് പ്രായം, വിലാസം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിന് ഓഫീസിൽ നിന്നും ആർക്കും നേരിട്ടുള്ള അറിയിപ്പുകൾ നൽകുന്നതല്ല. തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്ക് ഓഗസ്റ്റ് 19ന് രാവിലെ 10നും, ചേർത്തല, ആര്യാട് അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനും, അമ്പലപ്പുഴ, ഹരിപ്പാട് 20നും, ചമ്പക്കുളം, വെളിയനാട് ഉച്ചയ്ക്ക് രണ്ടിനും, ഭരണിക്കാവ്, മാവേലിക്കര ബ്ലോക്കിന് 21ന് രാവിലെ 10 നും, ചെങ്ങന്നൂർ, മുതുകുളം ഉച്ചയ്ക്ക് രണ്ടിനും നടക്കും.
രണ്ടാംകൃഷി അവകാശലേലം 12ന്
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള ബ്ലോക്ക് നമ്പർ 29ൽ റീസർവ്വെ നമ്പർ 524(225/1, 225/4-1) ൽപ്പെട്ട 17.37 ഏക്കർ പുറമ്പോക്ക് നിലത്തിൽ 1194 ആണ്ടിലെ രണ്ടാം കൃഷി ഇറക്കുന്നതിനുള്ള അവകാശം ഈ മാസം 12ന് രാവിലെ 11ന് തകഴി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്തു നൽകും.
ജില്ല കളക്ടറുടെ പരാതിപരിഹാര പരിപാടി
17ന്
ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിലെ ജില്ല കളകട്റുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം ഓഗസ്റ്റ് 17ന് രാവിലെ ഒമ്പതു മുതൽ ഒന്നുവരെ ചെങ്ങന്നൂർ കോളജ് ഓഫ് എൻജിനീയറിങ് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ, എൽ.ആർ.എം കേസുകൾ, ഭൂമിയുടെ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് പ്രളയം -റീബിൽഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും ജില്ല കളക്ടർ തീർപ്പാക്കും. ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസ്, ചെങ്ങന്നൂർ താലൂക്ക് ഓഫീസ്, താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസ്, കളക്ടറ്റ് എന്നിവിടങ്ങിൽ ഓഗസ്റ്റ് 12ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സമർപ്പിക്കാം. ഓഗസ്റ്റ് 17ന് ചെങ്ങന്നൂർ കോളജ് ഓഫ് എൻജിനീയറിങ് ഓഡിറ്റോറിയത്തിൽ ജില്ല കളക്ടർ നേരിട്ട് പരാതികൾ സ്വീകരിക്കുന്നതും ഉടൻ തീർപ്പാക്കുന്നതുമാണ്.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
ആലപ്പുഴ: ജില്ല വെറ്റിനറി കേന്ദ്രത്തിൽ നിന്ന് ഓഗസ്റ്റ് മൂന്നിന്് രാവിലെ 10.30ന് 46-60 ദിവസം പ്രായമുളള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 110 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ ജില്ല വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം.
ഐ.എം. റ്റി പുന്നപ്രയിൽ എം.ബി.എ
സ്‌പോട്ട് പ്രവേശനം
ആലപ്പുഴ: പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെ്ന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര യിൽ 2019 - 2021 ബാച്ചിലേക്കുള്ള ദ്വിവത്സര ഫുൾടൈം
എം.ബി. എ പ്രോഗ്രാമിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൺ റിസോഴ്‌സ്, ഓപ്പറേഷൻസ് എന്നിവയിൽ ജനറൽ/എസ്.സി/എസ്.റ്റി സീറ്റുൾപ്പടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് വ്യാഴാഴ്ച രാവിലെ സ്‌പോട്ട് പ്രവേശനം നടക്കുന്നു. സംവരണ വിഭാഗത്തിന് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. അൻപതുശതമാനം മാർക്കോടെ ബിരുദവും (എസ്.സി/എസ്.റ്റിക്ക് നാൽപ്പതുശതമാനം) അതോടൊപ്പം കെ-മാറ്റ് /സി-മാറ്റ്/ക്യാറ്റ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോമുകൾക്ക് കോളജുമായി ബന്ധപ്പെടുക. വിലാസം ഡയറക്ടർ, ഐ.എം.റ്റി പുന്നപ്ര. ഫോൺ: 0477 2267602, 9746125234.
എസ്.സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി പഞ്ചായത്ത്/മുനിസിപ്പൽ തലത്തിൽ എസ്.സി പ്രൊമോട്ടറായി നിയമിക്കപ്പടുന്നതിന് പട്ടികജാതി യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രിൽ 01 മുതൽ ഒരു വർഷ കാലത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർ ബിരുദധാരികളോ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുളളവരോ ആയിരിക്കണം. ബിരുദാനന്തര ബിരുദം, ബി.എഡ്, എം.എ സോഷ്യോളജി, എം.എസ്.ഡബ്ലു. ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജില്ലാ തലത്തിൽ 20 ശതമാനം ഒഴിവുകൾ പ്ലസ്ടു പൂർത്തിയാകുകയും കുറഞ്ഞത് മൂന്ന് വർഷത്തെ സാമൂഹ്യ പ്രവർത്തന പരിചയം നേടുകയും ചെയ്തിട്ടുളളവർക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ജനുവരി ഒന്നിന് മുമ്പായി 40 വയസ്സ് പൂർത്തീകരിച്ചവർ അപേക്ഷിക്കുവാൻ യോഗ്യരല്ല. നിശ്ചിത യോഗ്യതയും താത്പര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ, ഓഗസ്റ്റ് 30നകം അതത് ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ www.scdd.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാകും.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി സോ ബ്ലേഡ് -എട്ടെണ്ണം, സി-പാപ് മാസ്‌ക്-15 എണ്ണം എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.
നെഹ്റു ട്രോഫി:കമന്ററി മത്സരം
ആലപ്പുഴ:67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർത്ഥികൾക്കായി കമന്ററി മത്സരം സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ താൽപ്പര്യമുള്ള പ്ലസ് ടു,കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 5 മണിക്ക് മുൻപായി രജിസ്ട്രർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ ചെയ്യാൻ 8943870931,8089806808 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
- Log in to post comments