Skip to main content

ജില്ലയിൽ 156 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ

സർക്കാരിന്റെ സൗജന്യ വൈ-ഫൈ സംവിധാനം ജില്ലയിൽ നടപ്പാക്കി. തൃശ്ശൂരിൽ 156 ലൊക്കേഷനുകളിലാണ് ആദ്യഘട്ടമായി കെ-ഫൈ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകുന്നത്. 10 എംബിപിഎസ് വരെ വേഗതയുള്ള ഇന്റർനെറ്റ് സേവനമാണ് സൗജന്യമായി പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. വൈ-ഫൈ പരിധിയിൽ നിന്ന് നിർദിഷ്ട യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൗജന്യ വൈ-ഫൈ സംവിധാനം ആർക്കും ഉപയോഗപ്പെടുത്താം. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 156 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 
അയ്യന്തോൾ സിവിൽ സ്റ്റേഷൻ, തൃശ്ശൂർ കോർപ്പറേഷൻ, അയ്യന്തോൾ സോണൽ ഓഫീസ്, വിവിധ പഞ്ചായത്ത് ഓഫീനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബസ് സ്റ്റാന്റുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രാഥമിക പരിഗണന നൽകിയാണ് ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വികസനം, വിവരവിനിമയം, സഞ്ചാരികൾക്ക് വിവരങ്ങൾ ലഭ്യമാക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നു. സംസ്ഥാന ഐ.ടി. മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഇലക്ട്രോണിക് ആൻഡ് വിവര സാങ്കേതിക വകുപ്പ് 2500 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. സർക്കാർ 25 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.

date