Skip to main content

സുരക്ഷിത റോഡ്‌യാത്ര: ആഗസ്റ്റ് 5 മുതൽ വാഹനപരിശോധന

പരിപൂർണ്ണമായ സുരക്ഷിത റോഡ് യാത്രയാണ് പുതിയ നിയമ പരിഷ്‌കാരങ്ങളുടെ ലക്ഷ്യമെന്ന് റോഡ് സുരക്ഷാ ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട പ്രഥമ യോഗം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പൊതുവായ പിഴകൾ ഉൾപ്പെടെ ഹെൽമെറ്റ് ധരിക്കാതിരിക്കൽ, ലൈസൻസ്, സീറ്റ് ബെൽറ്റ്, അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുക, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ, വാഹന പെർമിറ്റ് ഇല്ലാതിരിക്കൽ, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ എന്നിങ്ങനെ റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുന്നവരിൽ നിന്നും അധികമായി പിഴ ഈടാക്കുന്നതിനും മൂന്ന് മാസത്തോളം വരെ ലൈസൻസ് അയോഗ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ പോലീസ് സേനയുടെ 41 സ്‌ക്വാഡുകൾ ഉൾപ്പെടെ മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ 12 ഇനം സ്‌ക്വാഡുകൾ ആണ് ഇതിനായി നിയമിച്ചിരിക്കുന്നത്. 

ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച പ്രകാരം ആഗസ്റ്റ് 5 മുതൽ 31 വരെ വാഹന പരിശോധന നടത്താനാണ് തീരുമാനം. ആഗസ്റ്റ് 5 മുതൽ 7വരെ (സീറ്റ് ബൽറ്റ്, ഹെൽമെറ്റ്), ആഗസ്റ്റ് 8 മുതൽ 10 വരെ (അനധികൃത പാർക്കിംഗ്, ആഗസ്റ്റ് 11 മുതൽ 13 വരെ (അമിത വേഗത), ആഗസ്റ്റ് 14 മുതൽ 16 വരെ (മദ്യപിച്ച് വാഹനമോടിക്കുന്നവരെ), ആഗസ്റ്റ് 17 മുതൽ 19 വരെ (വാഹനം ഓടിച്ചു കൊണ്ട് ഫോൺ ഓടിക്കുന്നവരെ), ആഗസ്റ്റ് 20 മുതൽ 23 വരെ (സിഗ്‌നൽ നിയമങ്ങൾ ലംഘിക്കുന്നവരെ), ആഗസ്റ്റ് 24 മുതൽ 27 വരെ സ്പീഡ് ഗവർണർ / ഓവർ ലോഡ്, ആഗസ്റ്റ് 28 മുതൽ 31 വരെ (മോഡിഫിക്കേഷൻ) എന്നിങ്ങനെയാണ് പരിശോധന നടത്തുക.

സോഫ്റ്റി ആക്ഷൻ പ്ലാനിന്റെ ചുമതലാ നിർവാഹണത്തിനായി സംസ്ഥാന തലത്തിൽ ഐ.ജി ട്രാഫിക്ക് നോഡൽ ഓഫീസർ ആയും, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ (മോട്ടോർ വാഹന വകുപ്പ്), ചീഫ് എഞ്ചിനിയർ (റോഡ്‌സ് ആൻഡ് ബിൾഡേഴ്‌സ്) പിഡബ്ല്യുഡി, ചീഫ് എഞ്ചിനിയർ (എൻഎച്ച്), പിഡബ്ല്യുഡി, ആരോഗ്യം, വിദ്യഭ്യാസം മേധാവികൾ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയും ജില്ലാ തലത്തിൽ ജില്ലാ കളക്ടർ ചെയർമാനും,ജില്ലാ പോലീസ് സൂപ്രണ്ട് നോഡൽ ഓഫീസറായും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്‌സ് & ബിൾഡേഴ്‌സ്, എൻ.എച്ച്) തുടങ്ങിയവർ അംഗങ്ങളായുള്ള കമ്മിറ്റിയുമാണ് രൂപീകരിച്ചിരിക്കുന്നത്.

എഡിഎം റെജി പി ജോസഫ് അദ്ധ്യക്ഷനായ യോഗത്തിൽ പോലീസ് മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം മേധാവികളും പങ്കെടുത്തു.

date