Skip to main content

മേത്തല മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു:  ആഗസ്റ്റ് 8 ന് തറക്കല്ലിടും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മേത്തലയിൽ മിനി സിവിൽസ്റ്റേഷൻ വരുന്നു. മേത്തല കീത്തോളി തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപത്താണ് മിനി സിവിൽ സ്റ്റേഷൻ യഥാർത്ഥമാക്കുന്നത്. ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ തറക്കല്ലിടും. റവന്യൂവകുപ്പിന്റെ 20 സെന്റ് സ്ഥലത്ത് 2.67 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 11,500 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം രൂപപ്പെടുത്തുന്നത്. മിനി സിവിൽസ്റ്റേഷൻ വരുന്നതോടെ പ്രദേശത്തെ നാല് സർക്കാർ ഓഫീസുകളാണ് ഒരു കുടക്കീഴിലെത്തുക. വില്ലേജ് ഓഫീസ്, എ. ഇ ഓഫീസ്, കൃഷിഭവൻ, എൽ.ഇ ഓഫീസ് എന്നീ ഓഫീസുകളാണ് പണി പൂർത്തിയാകുമ്പോൾ സിവിൽസ്റ്റേഷനിലേക്ക് പ്രവർത്തനം മാറ്റുക. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിർമ്മിക്കുന്ന സ്റ്റേഷൻ 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അജിത്കുമാർ പറഞ്ഞു.

അഡ്വ. വി. ആർ സുനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ ഗസ്റ്റ്ഹൗസിൽ സംഘടിപ്പിച്ച ആലോചനായോഗത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ, വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എംഎൽഎ ചെയർമാനായി നഗരസഭ ചെയർമാൻ, തഹസിൽദാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരടങ്ങുന്ന 101 അംഗ സംഘാടകസമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.
 

date