സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് അഭിമുഖം
ജില്ലയിലെ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്ത ഭടന്മാര്‍ മാത്രം) എന്‍.സി.എ - എസ്.ഐ.യു.സി നാടാര്‍ -ഒന്നാം എന്‍.സി.എ വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 646/17) തസ്തികയുടെ അഭിമുഖം ഓഗസ്റ്റ് എട്ടിന് കേരള പി.എസ്.സി വയനാട് ജില്ലാ ഓഫീസില്‍ നടക്കും.
പാചകവാതക അദാലത്ത് ഓഗസ്റ്റ് അഞ്ചിന്
ജില്ലയില്‍ ഓഗസ്റ്റ അഞ്ചിന് ഉച്ചയ്ക്ക് 2.30 മണിയ്ക്ക് പാചകവാതക അദാലത്ത് (എല്‍.പി.ജി. ഓപ്പണ്‍ ഫോറം) ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് എല്‍.പി.ജി. വിതരണവുമായോ ഗ്യാസ് ഏജന്‍സികളുമായി ബന്ധപ്പെട്ടോ പരാതികളുമുണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍/സിറ്റി റേഷനിംഗ് ഓഫീസര്‍മാരെ അറിയിക്കേണ്ടതാണ്. സിലിണ്ടര്‍ ബുക്ക് ചെയ്തിട്ട് കിട്ടാനുള്ള കാലതാമസം, ബില്‍ ലഭിക്കാത്തത്, ബില്ലിലുള്ള തുകയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നത്, ഗ്യാസിന്റെ തൂക്കത്തിലുള്ള കുറവ്, ഉപയോഗ കാലാവധി കഴിഞ്ഞ സിലിണ്ടറിന്റെ വിതരണം തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികളും അറിയിക്കാവുന്നതും എല്‍.പി.ജി. ഓപ്പണ്‍ ഫോറത്തില്‍ നേരിട്ട് പങ്കെടുക്കാവുന്നതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സാഫ് -- വിദഗ്ധ പരിശീലനം
ഫിഷറീസ്‌വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായിട്ടുള്ള തീരനൈപുണ്യ - ഫിനിഷിങ്ങ്‌സ്‌കൂള്‍ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികുടുംബത്തിലെ 18നും 35നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കായി പ്രൊഫഷണല്‍ മേഖലകള്‍ക്കാവശ്യമായ വിദഗ്ധ പരിശീലനം നല്‍കുന്നു. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്‌ളസ്ടൂ ആണ്. അപേക്ഷകര്‍ വെള്ളയില്‍ സിആര്‍സി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സാഫ് നോഡല്‍ഓഫീസില്‍ നിന്നും അപേക്ഷ നേരിട്ട് വാങ്ങാം. ഫോണ്‍: 9995231515, 9745100221. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 14 വരെ സാഫ് നോഡല്‍ ഓഫീസില്‍ നേരിട്ടോ തപാല്‍വഴിയോ സ്വീകരിക്കും.
'കിക്ക് ഓഫ്' ശില്‍പ്പശാല സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് നടപ്പാക്കുന്ന 'കിക്ക് ഓഫ്' പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ പരിശീലനം നല്‍കി വിദ്യാര്‍ഥികളെ ഫുട്‌ബോള്‍ രംഗത്തേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് 'കിക്ക് ഓഫ്' പദ്ധതി ആവിഷ്‌കരിച്ചത്. 14 ജില്ലകളിലായി 19 പരിശീലന കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. കോഴിക്കോട് പയിമ്പ്ര ഗവ ഹൈസ്‌കൂളിലാണ് ജില്ലയിലെ പരിശീലനകേന്ദ്രം. പെണ്‍കുട്ടികള്‍ക്ക് മാത്രമായി പരിശീലനം നല്കാന്‍ പയ്യന്നൂരില്‍ മറ്റൊരു പരിശീലനകേന്ദ്രവുമുണ്ട്.
ഓരോ കേന്ദ്രങ്ങളിലും 25 വീതം വിദ്യാര്‍ഥികളെയാണ് പരിശീലിപ്പിക്കുന്നത്. 2007/08 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളെ തെരഞ്ഞെടുത്ത് വ്യക്തിഗത മികവ് വികസിപ്പിക്കുന്ന തരത്തില്‍ രണ്ട് വര്‍ഷത്തെ പരിശീലനമാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. സെപ്റ്റ് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
കോഴിക്കോട്ട് നടന്ന ശില്‍പ്പശാലയില്‍ 'ഫിസിക്കല്‍ ഡിമാന്റ്‌സ് ഓഫ് ഫുട്‌ബോള്‍ ആന്റ് ടൈം പാര്‍ട്‌സ് ഓഫ് ഫിസിക്കല്‍ പ്രിപ്പറേഷന്‍സ്' എന്ന വിഷയത്തില്‍ തിരുവനന്തപുരം എല്‍എന്‍സിപിഇ യിലെ അസോസിയറ്റ് പ്രൊഫസര്‍ ഡോ. പ്രദീപ് ദത്ത ക്ലാസെടുത്തു. ഗ്രാസ് റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം മുഖ്യാതിഥിയായ ഡിഎസ് വൈ എ അഡിഷണല്‍ ഡയറക്ടര്‍ ബി അജിത്കുമാര്‍ നിര്‍വഹിച്ചു. പദ്ധതി മോണിറ്ററിംഗ് ഹെഡ് പി കെ കുഞ്ഞിക്കോയ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെപ്റ്റ് സെക്രട്ടറി സി സേതുമാധവന്‍, സിഇഒ അരുണ്‍ കെ. നാണു, യു വി ബാബുരാജ്, അഹമ്മദ് റഫീഖ്, പരിശീലകരായ എ ജാഫര്‍, ടി എം അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
പശു വളര്‍ത്തലില്‍ മൂന്നു ദിവസത്തെ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ആഗസ്റ്റ് 7 മുതല്‍ ഒമ്പത് വരെ പശു വളര്‍ത്തലില്‍ മൂന്നു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ 0491 - 2815454, പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 07-#ം തിയതി രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണം.
കളക്ടറേറ്റ് പരിസരം ശുചീകരിച്ചു
കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ സ്വച്ച് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. ജില്ലയിലെ വിവിധ ക്ലബ്ബുകളുടേയും സാംസ്‌കാരിക-സന്നദ്ധ സംഘടനകളിലേയും വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. ജില്ലാ യൂത്ത് കോ.ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ വിഷ്ണു, പി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്. ജില്ലാ കലക്ടര്‍ സാംബശിവറാവു ശുചീകരണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ചു.
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 20 ന് അകം വിരലടയാളം രേഖപ്പെടുത്തണം
കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡ് കോഴിക്കോട് ഓഫീസിന് കീഴില്‍ വരുന്ന കോഴിക്കോട് വയനാട് ജില്ലകളിലെ കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, കേരള ബാര്‍ബര്‍-ബ്യൂട്ടീഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി എന്നീ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 20 ന് അകം വിരലടയാളം രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതിനായി ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ സെന്റര്‍ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
ലിഫ്റ്റ് ടെക്‌നോളജി സീറ്റ് ഒഴിവ്
കോഴിക്കോട് ഗവ ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 9048922617, 9995682996, 9400635455.
വിജയഗാഥയുടെ ഒന്നാം പിറന്നാളുമായി കുടുംബശ്രീ കഫേ കാന്റീന്‍
സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കഫേ കാന്റീന് ഇന്ന് ഒന്നാം പിറന്നാള്‍. 2018 ആഗസ്റ്റ് ഒന്നിന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന യു.വി ജോസാണ് കഫേകാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും പൂര്‍ണമായ പിന്തുണ കാന്റീന്‍ നടത്തിപ്പിന് ലഭ്യമാകുന്നതായി കാന്റീന്‍ തൊഴിലാളികള്‍ പറയുന്നു. ജീവിതമാര്‍ഗം മുട്ടി വളരെ പ്രയാസം അനുഭവിക്കുന്ന അവസരത്തിലാണ് കുടുംബശ്രീ മിഷന്‍ ഇങ്ങനെയൊരവസരം തങ്ങള്‍ക്ക് നല്‍കിയതെന്ന് കാന്റീന്‍ തൊഴിലാളികളായ പ്രശാന്തിയും, സുജിതയും, സജീനയും പറയുന്നു.
കുടുംബശ്രീ സംരംഭകത്വ വികസനത്തിനും വിപണനത്തിനും നിര്‍ലോഭമായ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 വനിതകളാണ് സംരംഭകരായി കഫേ കാന്റീന്‍ നടത്തുന്നത് .കൃതൃമ രുചിക്കൂട്ടുകളില്ലാത്ത ഭക്ഷണമാണ് കാന്റീനില്‍ നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കാന്റീന്‍ പ്രവര്‍ത്തനം. രാവിലെ ഏഴര മുതല്‍ വൈകിട്ട് അഞ്ചു വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കഫേ പ്രവര്‍ത്തിക്കുന്നു. സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന ജീവനക്കാര്‍ ഉള്‍പ്പടെ പൊതു ജനങ്ങളും കാന്റീനെ ആശ്രയിക്കുന്നുണ്ട.് കാന്റീനില്‍ നിന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഭക്ഷണം തയ്യാറാക്കി നല്‍കുന്നുണ്ട്.
കുടുംബശ്രീ കരുവിശ്ശേരിയില്‍ നടത്തിയ 17 ദിവസത്തെ ട്രെയിനിങ്ങിന് ശേഷമാണ് ഇവിടെ ജോലിക്കായി വന്നതെന്ന് പ്രശാന്തി പറഞ്ഞു. 'ജില്ലയില്‍ നടക്കുന്ന ഭക്ഷ്യമേളകളിലൊക്കെ ഞങ്ങളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. കേരളത്തിന് പുറത്ത് ഡല്‍ഹിയിലും ഭക്ഷ്യമേള നടത്തിയിട്ടുണ്ട്. ഇതില്‍ നിരവധി സമ്മാനങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന രാധികയുടെ മകള്‍ പവര്‍ലിഫ്റ്ററായി യൂറോപ്പില്‍ നിന്ന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അവിടെ പോകാനൊക്കെ അവസരം ലഭിച്ചത് ഇവിടുന്ന് ലഭിച്ച വരുമാനം കൊണ്ടാണ്. അതേ പോലെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക മുട്ടനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.' കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററായ പി.സി കവിതയുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കാറുണ്ടെന്ന് പ്രശാന്തി പറഞ്ഞു. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കുടുംബശ്രീ കഫേ കാറ്ററിംഗിന്റെ വിജയരഹസ്യം.
- Log in to post comments