Skip to main content

മുലയൂട്ടൽ വാരാചരണത്തിന് തുടക്കമായി: സോഷ്യൽ മീഡിയ കണ്ടന്റ് മത്സരം

ആലപ്പുഴ:മുലയൂട്ടലിന്റെ പ്രാധന്യത്തെക്കുറിച്ച് സാമൂഹ്യ ബോധവൽക്കരണത്തിനായി ലോക മുലയൂട്ടൽ വാരാചരണത്തിന് തുടക്കമായി. രക്ഷകർത്താക്കളെ ശക്തരാക്കുക, മുലയൂട്ടൽ വ്യാപകമാക്കുക എന്നതാണ്  ഈ വർഷത്തെ വാരാചരണ വിഷയം. ഈ മാസം ഏഴുവരെ വിവിധ പരിപാടികളോടെ വാരാചരണം സംഘടിപ്പിക്കും. പ്രോഗ്രാം ഓഫീസർ ടി.പി. മിനിമോൾ വാരാചരണം സംബന്ധിച്ച ടോക് ഷോ നടത്തും. കോളജ് വിദ്യാർഥികൾക്കായി സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേഷൻ മത്സരം സംഘടിപ്പിക്കും.  മുലയുട്ടലിന്റെ പ്രാധാന്യം, ആദ്യമണിക്കൂറിലെ മുലയുട്ടൽ എന്നിവയെക്കുറിച്ചാണ് മത്സരം. താല്പര്യമുള്ള വിദ്യാർഥികൾ കണ്ടന്റ് തയ്യാറാക്കി   9746621924 എന്ന വാട്‌സ് അപ്പ് നമ്പരിൽ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം അയക്കണം. വിജയികൾക്ക് ഏഴിന് ജില്ലാതല പരിപാടിയിൽ സമ്മാനം നൽകും.

ഓഗസ്റ്റ് മൂന്നിന് എൻ.എസ്.എസ് വാളണ്ടിയൻമാരുടെ സഹകരണത്തോടെ സർക്കാർ ഓഫീസുകൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സിഗ്നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിക്കും. നാല്, അഞ്ച് തീയതികളിൽ അങ്കണവാടി തലത്തിൽ, മുലയൂട്ടുന്ന അമ്മമാർ, ഗർഭണികൾ, മുതിർന്ന അമ്മമാർ എന്നിവരെ പങ്കെടുപ്പിച്ച് മുലയുട്ടലുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കൽ, നാട്ടറിവ് പങ്കുവയ്ക്കൽ എന്നിവ സംഘടിപ്പിക്കും.

ഓഗസ്റ്റ് ആറിന് പഞ്ചായത്തുകളിൽ ഈ വിഷയത്തെ മുൻനിർത്തി ഫ്‌ളാഷ് മോബ്,  തെരുവുനാടകം, പാവനാടകം എന്നിവ അവതരിപ്പിക്കും. ഏഴിന് ആദ്യമണിക്കൂറിലെ മുലയുട്ടൽ ഉറപ്പാക്കുന്നത് സംബന്ധിച്ച പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തും. മുലയൂട്ടൽ വർധിപ്പിക്കുന്നതിനായുള്ള കർമ്മപദ്ധതി തയ്യാറാക്കൽ ശില്പശാലയും സംഘടിപ്പിക്കും. ആലപ്പുഴ എൻ.എച്ച്. എം ഹാളിൽ രാവിലെ 10ന്ആരംഭിക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ, ആരോഗ്യ വകുപ്പ്, ഐ.എം.എ., പിഡിയാട്രിക് അസോസിയേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

കൈരളി ക്രാഫ്റ്റസ് ഫെയർ ഇന്ന് തുടങ്ങും

ആലപ്പുഴ:കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷനും കേന്ദ്രഗവൺമെന്റിന്റെ വസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഡെവലപ്പ്‌മെന്റ് കമ്മീഷണറും ( ഹാൻഡികാഫ്റ്റ്‌സ്) സംയുക്തമായി, കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ 'കൈരളി'' ഇന്ന് (ഓഗസ്റ്റ് 2) മുതൽ  13 വരെ ആലപ്പുഴ ഐശ്വര്യ കല്യാണ മണ്ഡപത്തിൽ കരകൗശല കൈത്തറി വിപണന മേള ( കൈരളി ക്രാഫ്റ്റസ് ഫെയർ ) സംഘടിപ്പിക്കുന്നു.ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉച്ചയ്ക്ക് 12ന്  ഉദ്ഘാടനം ചെയ്യും. 

 

date