ഹോമിയോപ്പതി വന്ധ്യതാ നിവാരണ ക്ലിനിക്ക് ജില്ലാ ആശുപത്രിയിൽ തുടങ്ങി
ആലപ്പുഴ:സർക്കാർ ആയുഷ് വകുപ്പിന്റെ കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ ജനശ്രദ്ധ ആകർഷിച്ച വന്ധ്യതാ നിവാരണ ക്ലിനിക്ക് ജനനി പദ്ധതി ആലപ്പുഴ ജില്ലാ ഫാമിയോ ആശുപത്രിയിൽ
പ്രവർത്തനം തുടങ്ങി. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവ്വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സൂസൻ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. റ്റി. മാത്യം, വാർഡ് കൗൺസിലർ സി. വി. മനോജ് കുമാർ , കെ.ജി.ഒ.എ. സെക്രട്ടറി സി.കെ.ഷിബു, ജില്ലാ ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഗോപകുമാർ, ആയുഷ് ഡി.പി.എം ഡോ. ശ്രീജിനൻ, ജനനി പ്രോജക്റ്റ് കൺവീനർ ഡോ. സാംസൺ എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ജില്ലയിൽ 2014-15 സാമ്പത്തിക വർഷത്തിലാണ് വന്ധ്യതാനിവാരണ ഓ.പി. യുടെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ എല്ലാ ചൊവ്വാഴ്ച്ചകളിലുമായിരുന്നു ക്ലിനിക്കിന്റെ പ്രവർത്തനം. ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വന്ധ്യതാ നിവാരണ ഓ.പി. പ്രവർത്തിച്ചുവരുന്നു. കേരളം ഒട്ടാകെ ഈ വന്ധ്യതാ ക്ലിനിക്കിന്റെ ചികിൽസ തേടിയവരിൽ ആയിരത്തിൽ അധികം ദമ്പതികൾക്ക് കുട്ടികൾ ജനിച്ചു. ഇതിന് ജനശ്രദ്ധ ലഭിക്കുകയും ചികിൽസ തേടി ബുക്കിംഗ് ചെയ്യുന്ന ദമ്പതികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി വകുപ്പ് വന്ധ്യതാ നിവാരണ ക്ലിനിക്കിനെ ഒരു പ്രത്യക പ്രോജക്ട് ആക്കി മാറ്റുകയും ദിവസവും .
ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനം എടുക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനനി പദ്ധതി ആരംഭിക്കുകയും ഞായർ ഒഴികെയുള്ള എല്ലാ ദിവസവും പ്രവർത്തിപ്പിക്കാനും തീരുമാനിച്ചത്. കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ചിത്രവിവരണം
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച ജനനി വന്ധ്യതാ ചികിത്സാ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
- Log in to post comments