Skip to main content
ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തിനു മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ത്രിതല ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ സംസാരിക്കുന്നു.

 ലൈഫ് മിഷന്‍: മൂന്നാംഘട്ടത്തിനു നടപടികളാരംഭിച്ചു

 ഭവനരഹിതര്‍ക്കു വീടു നിര്‍മിച്ചു നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ പ്രവര്‍ത്തനം ഇടുക്കി ജില്ലയില്‍ പുരോഗമിക്കുന്നു. ഒന്നും രണ്ടും ഘട്ടത്തിനു ശേഷം മൂന്നാംഘട്ടത്തില്‍ ഭൂരഹിതരായവരുടെ പട്ടിക തയാറാക്കുന്ന നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് യോഗത്തില്‍ അധ്യക്ഷയായിരുന്നു. ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതികള്‍ വിശദീകരിച്ചു. 
 ആദ്യഘട്ടത്തില്‍ 3000 വീടുകളുടെ നിര്‍മാണമാണു ലക്ഷ്യമിട്ടത്. ഇതില്‍ 95 ശതമാനവും പൂര്‍ത്തിയായി. മച്ചിപ്‌ളാവില്‍ സംസ്ഥാനത്ത് ആദ്യ ഫ്‌ളാറ്റും ഇക്കൂട്ടത്തില്‍പ്പെടുന്നു. 217 ഫ്‌ളാറ്റുകളാണ് ഇവിടെ ഒറ്റ സമുച്ചയത്തില്‍ പൂര്‍ത്തിയായത്. 161 കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഒരു ആധുനിക ഫ്‌ളാറ്റ് സമുച്ചയത്തില്‍ വേണ്ട എല്ലാവിധ സൗകര്യങ്ങളുടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 
 രണ്ടാംഘട്ടത്തില്‍ 18000 ഗുണഭോക്താക്കളില്‍ നിന്നാണ് അപേക്ഷ ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് 11000 ലേറെപ്പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. 10000 പേര്‍ കരാര്‍ ഒപ്പുവച്ചതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. 15% വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. എല്ലാ ഗുണഭോക്താക്കള്‍ക്കും കൃത്യമായി പണം സമയത്ത് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ മഴ വിട്ടുനില്‍ക്കുന്നതിനാല്‍ നിര്‍മാണ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. ഈ മാസം 2500 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. 600 ചതുരശ്രയടിയിലുള്ള വീടുകളാണ് ലൈഫ് മിഷന്‍  നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. 
 മൂന്നാംഘട്ടത്തില്‍ ഇനി ഭൂരഹിതരായവരുടെ പട്ടിക അംഗീകരിക്കുന്നതോടെ നിര്‍മാണ ജോലികള്‍ ആരംഭിക്കും. ഇതിനുള്ള അര്‍ഹതാ പട്ടിക ആഗസ്റ്റ് 15 നു മുമ്പ് പൂര്‍ത്തിയാക്കും. 2019-20 വര്‍ഷത്തില്‍ ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി കാഞ്ചിയാര്‍, രാജാക്കാട്, വാത്തിക്കുടി, പെരുവന്താനം ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും ഭൂമി കണ്ടെത്തിക്കഴിഞ്ഞു. തോട്ടം മേഖല കൂടിയായ മൂന്നാറിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. അവിടെ 4000ലേറെപ്പേര്‍ അപേക്ഷകരായിട്ടുണ്ട്.  
 യോഗത്തില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ  പ്രോജക്ട് ഒാഫീസര്‍ പി. സുരേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കു വേണ്ടി സൂപ്രണ്ട് സുമേഷ്‌കുമാര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. 

date