Skip to main content

എറണാകുളം മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു

എറണാകുളം മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു

 

അത്യാധുനിക എം.ആര്‍.ഐ., വിപുലീകരിച്ച ഡയാലിസിസ് സംവിധാനങ്ങള്‍

 

നിപ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ ശില്‍പശാല

 

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഞായറാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്നു

 

തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ പരിശോധന സംവിധാനങ്ങള്‍ കോര്‍ത്തിണക്കുന്ന അത്യാധുനിക ഡിജിറ്റല്‍ ഇമേജിംഗ് സെന്ററില്‍ സജ്ജമാക്കിയ എം.ആര്‍.ഐ. സംവിധാനത്തിന്റേയും 10 ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 4-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. ഇതോടെ സൗജന്യമായും ചുരുങ്ങിയ ചെലവിലും കാലതാമസവുമില്ലാതെ എം.ആര്‍.ഐ. സ്‌കാനിംഗും ഡയാലിസും ഇവിടെനിന്നും ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം നിപ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ ശില്‍പശാലയും മന്ത്രി ഉദ്ഘാടനം ചെയ്യും. 

 

എം.ആര്‍.ഐ. സ്‌കാനിംഗ് സംവിധാനം

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി ഇമേജിംഗ് സെന്റര്‍ ആരംഭിക്കാനായി 25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡിജിറ്റല്‍ റേഡിയോഗ്രാഫി & ഫ്‌ളൂറോസ്‌കോപ്പി, ഇലസ്റ്റോഗ്രാഫിയോടു കൂടിയ ഹൈ എന്‍ഡ് കളര്‍ ഡോപ്ലര്‍, ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ്, എം.ആര്‍.ഐ. സ്‌കാന്‍, ബോണ്‍ ഡെസിറ്റോമീറ്റര്‍, പാക്‌സ്, എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ് ഇമേജിംഗ് സെന്റര്‍. ഇതില്‍ 10 കോടി രൂപ മുതല്‍മുടക്കില്‍ ജര്‍മ്മന്‍ കമ്പനിയായ സീമെന്‍സിന്റെ 1.5 ടെസ്ല വൈഡ് ബോര്‍ മാഗ്‌നെറ്റോം ഏറ എന്ന എം.ആര്‍.ഐ. മെഷീന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ബാക്കിയുള്ളവ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്. സൗഹൃദാന്തരീക്ഷമുണ്ടാക്കുന്നതിന്റെ ഭാഗമായി എം.ആര്‍.ഐ. യൂണിറ്റില്‍ ഇന്റീരിയര്‍ ഡിസൈനിംഗോടു കൂടിയ ശീതികരിച്ച മുറിയാണ് ക്രമീകരിച്ചിരിക്കുന്നത്. 

 

വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ്

 

നിലവില്‍ 6 ഡയാലിസിസ് യന്ത്രങ്ങളുള്ള ഡയാലിസിസ് യൂണിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 10 ഐ.സി.യു. സംവിധാനത്തോടു കൂടിയ ബെഡുകള്‍ കൂടി സജ്ജീകരിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കിറ്റ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് ഡയാലിസ് യൂണിറ്റ് വിപുലീകരിച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിനം 3 ഷിഫ്റ്റുകളിലായി 16 ഡയാലിസിസുകള്‍ ചെയ്യുന്നുണ്ട്. വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിലൂടെ പ്രതിദിനം 40 ഓളം ഡയാലിസിസുകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യവും ഈ ആശുപതിയില്‍ ലഭ്യമാണ്. ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

 

എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവ നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 368.74 കോടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 70 കോടിയോളം രൂപയും മെഡിക്കല്‍ കോളേജിന്റെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് 83 കോടിയോളം രൂപയും അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എറണാകുളം മെഡിക്കല്‍ കോളേജിനായി 162 പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

date