Skip to main content

മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്താനുള്ള വിവിധ പരിപാടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.  എറണാകുളത്ത് മത്സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന്റെ പ്രകാശനവും ഫിഷറീസ് ഇൻഫൊർമേഷൻ മാനേജ്മെന്റ് സിസ്റ്റം വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ഓഖി  ദുരന്ത സമയത്ത്  കടലിൽ പോയ തൊഴിലാളികളുടെ എണ്ണം കൃത്യമായി അറിയാത്ത അവസ്ഥയുണ്ടായി.  ജനങ്ങളുടെ ആശങ്കയകറ്റാൻ അന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിവരശേഖരണം നടത്തിയത്.  

 

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശദ വിവരം ശേഖരിച്ച് വിവര സഞ്ചയം സൃഷ്ടിക്കുകയും അവ മേഖലയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.  മത്സ്യത്തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ സമയബന്ധിതമായും സുതാര്യമായും നടപ്പാക്കാനും മത്സ്യ ബന്ധന മേഖലയിലെ എല്ലാ പദ്ധതികൾക്കും ഉപയോഗിക്കാനും വിവര ശേഖരണം സഹായകമാകും.   ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച്  നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ്    ഫിഷറീസ് ഇൻഫൊർമേഷൻ മാനേജ്മെന്റ് സിസ്റ്റം (FIMS) എന്ന ഓൺലൈൻ  വെബ് സൈറ്റ് സജ്ജമാക്കിയത്. 

 

മത്സ്യ ബന്ധന മേഖലയിലെ തൊഴിലുകളും തൊഴിലവസരങ്ങളും സർക്കാർ സംരക്ഷിക്കും.  പരമ്പരാഗത മത്സ്യത്തൊഴിലിന് സർക്കാർ എതിരല്ല.  തൊഴിലാളികളും സർക്കാരും ഒരുമിച്ചു നിന്നാലേ മത്സ്യസമ്പത്തിന്റെ  സംരക്ഷണം സാധ്യമാകൂ.    യാനങ്ങളും  ബോട്ട് യാഡുകളും രജിസ്റ്റർ യ്യണം.  ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനാണിത്.   മത്സ്യത്തൊഴിലാളികളുടെ ശരാശരി പ്രതിശീർഷ വരുമാനം ക്രമേണ ഉയർത്തിക്കൊണ്ടുവരും.  ക്ഷേമനിധിയിലും മറ്റും കടന്നു കൂടിയിട്ടുള്ള അനർഹരെ ഒഴിവാക്കാൻ വിവരശേഖരണം വഴിത്തിരിവാകുമെന്നും മന്ത്രി പറഞ്ഞു.  

 

നാവിക് ഉപകരണങ്ങളിൽ കരയിൽ നിന്നുള്ള  സന്ദേശം സ്വീകരിക്കാൻ മാത്രം സാധിക്കുന്ന രീതിക്കു പകരം     സന്ദേശം അയക്കാനും കൂടിയുള്ള സംവിധാനമൊരുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്.  ഇതിന് കെൽട്രോണിനെ ചുമതലപ്പെടുത്തും.   ലൈഫ് ഇൻഷൂറൻസ്, ചികിത്സ, ഭവന നിർമാണം തുടങ്ങിയവക്കുള്ള  വിവിധ ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു.  ഗാർഡുമാർക്ക്  യൂണിഫോം, ട്രാക്ക് സ്യൂട്ട് എന്നിവയും മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർക്ക് റെയിൻ കോട്ടും വിതരണം ചെയ്തു.   

 

എറണാകുളത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ  കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എസ്.ശർമ എംഎൽഎ അധ്യക്ഷത വഹിച്ചു.  ഫിഷറീസ് വകുപ്പ് ഡയറക്ടർ എസ്.വെങ്കടേസപതി, കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ  കേന്ദ്രം ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി.കുഞ്ഞിരാമൻ, സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസർ ടി.മോഹനദാസ്,  മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, ഫിഷറീസ് ജോയന്റ് ഡയറക്ടർ എൻ.എസ്.ശ്രീലു തുടങ്ങിയവർ പങ്കെടുത്തു.

 

സാഫ് പദ്ധതികള്‍, മത്സ്യ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച്  സെമിനാറും ക്ഷേമനിധി ബോര്‍ഡ് അംഗത്വത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചയും നടന്നു.

date