Skip to main content

സിറ്റി റോഡ് വികസനം: ആഘാത പഠന റിപ്പോര്‍ട്ട്  വിദഗ്ധ സമിതി പരിശോധിക്കും

    കണ്ണൂര്‍ സിറ്റി റോഡ് വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന സാമൂഹിക ആഘാത പഠനം (സോഷ്യല്‍ ഇംപാക്ട് അഷുറന്‍സ് സ്റ്റഡി) വിദഗ്ധ സമിതി പരിശോധിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) എസ് എല്‍ സജി കുമാറാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിപ്പള്ളി- പുല്ലൂപ്പി, കക്കാട്- മുണ്ടയാട് എന്നീ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് പദ്ധതി ബാധിതരായ സ്ഥലമുടമകളും വ്യാപാരികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. 
    റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രഥമിക സര്‍വേ മാത്രമാണ് നടന്നിരിക്കുന്നതെന്നും സര്‍വേ നടത്തിയ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം  സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശങ്ങളില്‍ ആഘാത പഠനം നടന്നുവരികയാണ്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമൊരുക്കും.  വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും ഇതിന്റെ അടിസ്ഥാനത്തിലാകും സ്ഥലമേറ്റെടുപ്പ്. ഏറ്റെടുക്കുന്ന സ്ഥലത്തിന് പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
    ജില്ലയിലെ 11 റോഡുകളാണ് നഗര പാത വികസന പദ്ധതിയിലുള്‍പ്പെടുത്തി വികസിപ്പിക്കുന്നത്. ഇതില്‍ എട്ട് റോഡുകളുടെ വികസനത്തിന് ഭൂമിയേറ്റെടുക്കും.  രണ്ട് ഘട്ടങ്ങളിലായി 742 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. റോഡുകളുടെ വീതി 10 മീറ്ററാക്കി ചുരുക്കുക, ബസ് വേ ഒഴിവാക്കുക, നിലവിലുള്ള റോഡിന്റെ മധ്യത്തില്‍ നിന്ന് ഇരുവശങ്ങളിലേക്കും അഞ്ച് മീറ്റര്‍ എന്ന നിലയില്‍ ഭൂമി ഏറ്റെടുക്കുക, ആഘാത പഠനം നടത്തുക, അലൈന്‍മെന്റ് മാറ്റി നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രദേശവാസികള്‍ യോഗത്തിലുന്നയിച്ചത്. ഡിവൈഎസ്പി പിപി സദാനന്ദന്‍,  തഹസില്‍ദാര്‍ ഡി സന്തോഷ് കുമാര്‍, പ്രൊജക്ട് മാനേജര്‍ പി വിനീതന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സി ദേവേശന്‍ മറ്റ് ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  
പി എന്‍ സി/2725/2019

date