Skip to main content

 'ഇ @ ഉത്സവ് 2017' ഇന്ന് സമാപിക്കും

   ജില്ലയിലെ 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി നടക്കുന്ന 'ഇ@ഉത്സവ് 2017' ഇന്ന്(30)സമാപിക്കും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഈ ചതുര്‍ദിന മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 133 വിദ്യാലയങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം ഹായ് സ്‌കൂള്‍ കുട്ടി കൂട്ടം അംഗങ്ങള്‍ 97 കേന്ദ്രങ്ങളില്‍ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
    ഐടി മേഖലയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വിപുലവും ബൃഹത്തായതുമായ ശൃംഖലയാണ് ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം. സ്‌കൂളുകളില്‍ നേരത്തെ ഉണ്ടായിരുന്ന ഐടി ക്ലബിനെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്‌കകരിച്ച് ഇതിലെ അംഗങ്ങള്‍ക്ക് അഞ്ചു മേഖലകളില്‍ അവധിക്കാലത്ത് തുടര്‍ച്ചയായി പരിശീലനം നല്‍കുന്ന ബൃഹത്തായ പദ്ധതിയാണിത്. എട്ട്, ഒമ്പത് ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ഇത് സ്‌കൂളുകളില്‍ രൂപീകിരച്ചിട്ടുള്ളത്. ഈ അവധിക്കാല പരിശീലനത്തോടുകൂടി ഇതിലെ ഒമ്പതാം ക്ലാസില്‍ നിന്നുള്ള അംഗങ്ങള്‍ മാറിനില്‍ക്കുകയും അടുത്ത വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പുതുതായി അംഗങ്ങളാകുകയും ചെയ്യും.
    സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ജനുവരിയിലാണ് ഇത് ആരംഭിച്ചത്. ജില്ലയില്‍ മാത്രം വിവിധ സ്‌കൂളുകളില്‍ നിന്നായി 2068 കുട്ടികള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്. കഴിഞ്ഞ ഓണാവധിക്കാലത്ത് നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 140 റിസോഴ്‌സ് അധ്യാപകര്‍ ഈ പരിശീലന പരിപാടിക്ക് ജില്ലയില്‍ നേതൃത്വം നല്‍കി. ഡ്രാഗ് ആന്‍ഡ് ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്വെയറായ 'ആപ് ഇന്‍വെന്റര്‍' ഉപയോഗിച്ചായിരുന്നു പരിശീലനം. അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആണ് നിലവില്‍ ആപ് ഇന്‍വെന്ററിന് പിന്തുണ നല്‍കുന്നത്.
    ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്മസ് ഗാനം കേള്‍പ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ്, മൊബൈലില്‍ മീഡിയ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ് തുടങ്ങിയവയാണ് ആപ് ഇന്‍വെന്റര്‍ വഴി കുട്ടികള്‍ പരിശീലിച്ചവ. പ്രോഗ്രാം കോഡിംഗിന്റെ നൂലാമാലകളില്ലാതെ, സോഫ്റ്റ്വെയറില്‍ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകള്‍ ക്രമീകരിച്ച് അനായാസേന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാമെന്നതാണ് കുട്ടികളെ ഇതിലേക്ക് ഏറെ ആകര്‍ഷിച്ച വസ്തുത. മിടുക്കരായ ചില കുട്ടികള്‍ അവരുടെ ഭാവനയ്ക്കനുസരിച്ച് വിവിധങ്ങളായ ആപ്പുകള്‍ സ്വന്തമായി തയ്യാറാക്കിയതായി പരിശീലനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ പറഞ്ഞു. സ്‌കൂളുകള്‍ ഹൈടെക്കായി മാറുമ്പോള്‍ ക്ലാസുമുറികളില്‍ സ്ഥാപിക്കുന്ന ഐസിടി ഉപകരണങ്ങളുടെ സംരക്ഷകരായും ഈ കുട്ടികളെ മാറ്റാന്‍ കഴിയുമെന്ന് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ശ്രീധരന്‍ പറഞ്ഞു. 
    നാല് ദിവസങ്ങളിലായി നടന്ന പരിശീലനത്തിന് സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കു പുറമേ ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.ശങ്കരന്‍, പി.രാജന്‍, വി.കെ വിജയന്‍, റോജി ജോസഫ്, അനില്‍ കുമാര്‍ പി. എം, മനോജ് കെ.വി, അബ്ദുള്‍ ജമാല്‍ എന്‍.ഇ, പ്രവീണ്‍കുമാര്‍, സുവര്‍ണ്ണന്‍ പി. പി എന്നിവര്‍ നേതൃത്വം നല്‍കി

date