അഴീക്കോട് -മുനമ്പം പാലം സ്ഥലമേറ്റെടുക്കൽ: പബ്ലിക് ഹിയറിങ്ങ് നടത്തി
അഴീക്കോട് -മുനമ്പം പാലത്തിന്റെ അഴീക്കോട് ഭാഗത്തെ അനുബന്ധറോഡ് നിർമ്മാണത്തിന് വേണ്ടി
റോഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിങ്ങ് നടത്തി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജഗിരി കോളേജിന്റെ നേതൃത്വത്തിൽ നടത്തിവന്ന പരിസ്ഥിതി ആഘാതപഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിലാണ് കൈപ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ അഴീക്കോട് ഐഎംയുപി സ്‌കൂളിൽ ഹിയറിങ്ങ് നടത്തിയത്. കളമശ്ശേരി രാജഗിരി കോളേജ്, ജില്ലാ പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഹിയറിങ്ങ്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായ അഴീക്കോട് മുനമ്പം പാലം നിർമ്മാണവുമായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്. പരിസ്ഥിതി ആഘാതപഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ 428/ 6, 429/8, 430/4, 196/4 എന്നീ സർവ്വേ നമ്പറിൽ കിടക്കുന്ന ഭൂമിയുടമകളുടെ വീടും സ്ഥലവുമാണ് സർക്കാർ റോഡ് നിർമാണത്തിനായി ഏറ്റെടുക്കുക. സമൂഹ്യപ്രത്യാഘാത റിപ്പോർട്ട് തയ്യാറാക്കുന്നത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത ഹിയറിങ്ങിൽ പാലം വരുന്നതിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടമാവുന്ന 18 കുടുംബങ്ങളും പങ്കെടുത്തു. വീടുകൾ ഭാഗികമായി നഷ്ടപ്പെടുന്നവരെ പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും ന്യായമായ നഷ്ടപരിഹാരം നൽകി എത്രയും വേഗം പാലം യാഥാർത്ഥ്യമാക്കണമെന്നും ഇതിന് വേണ്ടി കഴിയുന്ന എല്ലാ സഹകരണവും ഉണ്ടാകുമെന്നും ഹിയറിംഗിൽ പങ്കെടുത്തുകൊണ്ട് നാട്ടുകാർ സംസാരിച്ചു. പ്രോജക്ട് ഡയറക്ടർ മീനാകുരുവിള, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ, വാർഡ് മെമ്പർ പ്രസീനറാഫി, ബിജു സി പി, രഞ്ജിത്ത് കെ.യു, മരിയ ടെൻസി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments