റോഡ് സുരക്ഷാ കര്‍മ്മ പദ്ധതി; പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും -- റോഡ് കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടരും
റോഡുകളും നടപ്പാതകളും കയ്യേറിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു. കോട്ടയം നഗരത്തിലെയും എം.സി റോഡിലെയും താത്ക്കാലിക തട്ടുകടകള്‍ അടക്കമുള്ള കയ്യേറ്റങ്ങള്‍ ഒഴിയുന്നതിന് ഒരാഴ്ച്ചത്തെ സമയപരിധി അനുവദിച്ച് നോട്ടീസ് നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റോഡ് സുരക്ഷാ കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുന്നതിന്‍റെ ആദ്യ പടിയായാണ് മണര്‍കാട് ബൈപാസിലെയും മെഡിക്കല്‍ കോളേജ് പരിസരത്തെയും കടകള്‍ നീക്കം ചെയ്തത്. റോഡുകള്‍ വാഹന ഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നട യാത്രക്കാര്‍ക്കും സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം.
നാഗമ്പടം പാലത്തിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. റോഡുകളുടെ വശങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ മറയ്ക്കുന്ന കാടു വെട്ടിത്തെളിക്കാനും ഡ്രൈവര്‍മാരുടെ കാഴ്ച്ചയ്ക്ക് തടസമാകുന്ന പരസ്യ ബോര്‍ഡുകളും മരച്ചില്ലകളും നീക്കം ചെയ്യാനും കളക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിനും പ്രവര്‍ത്തനരഹിതമായ ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും പോലീസ് വകുപ്പിനെ ചുമതലപ്പെടുത്തി.
ഓഗസ്റ്റ് ഒന്നു മുതല്‍ 31 വരെ നടപ്പാക്കുന്ന റോഡ് സുരക്ഷാ കര്‍മ്മ പദ്ധതിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍, അനധികൃത പാര്‍ക്കിംഗ്, സ്കൂള്‍ പരിസരത്തെ അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, സ്കൂള്‍ ബസുകളില്‍ അമിത ഭാരം കയറ്റുന്നത്, വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ യാത്ര ചെയ്യുന്നയാളും ഹെല്‍മെറ്റ് ധരിക്കേണ്ടതു സംബന്ധിച്ച് ബോധവത്കരണം നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് തുടരണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം അലക്സ് ജോസഫ്, ഡി.വൈ.എസ്.പി വിനോദ് പിള്ള, ആര്‍.ടി.ഒ വി.എം.ചാക്കോ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments