Skip to main content

ബട്ടര്‍ഫ്‌ളൈസ് ടീച്ചേഴ്‌സ് മീറ്റ് ഇന്ന് സ്പീക്കറും വിദ്യഭ്യാസ വകുപ്പ് മന്ത്രിയും പങ്കെടുക്കും

പൊന്നാനി നിയോജക മണ്ഡലത്തില്‍  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന വിദ്യഭ്യാസ സംരക്ഷണ പദ്ധതിയായ ബട്ടര്‍ഫ്‌ളൈസ് ടീച്ചേഴ്‌സ് മീറ്റ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തില്‍ ഇന്ന് ( ഓഗസ്റ്റ് മൂന്ന് ) രാവിലെ ഒമ്പതിന് നടക്കും. ചടങ്ങില്‍ സ്പീക്കര്‍ ആമുഖ പ്രഭാഷണം നടത്തും. വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്  പൊതുവിദ്യഭ്യാസ സംരക്ഷണം - നവീന ആശയങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ രംഗത്തെ ദിശാ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.അച്യുത് ശങ്കര്‍.എസ്.നായര്‍ സംസാരിക്കും.
പൊന്നാനി നിയോജക മണ്ഡലത്തിലെ  മുഴുവന്‍ ഹൈസ്‌ക്കൂള്‍ - ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സ്പീക്കര്‍ തന്റെ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ' ബട്ടര്‍ഫ്‌ളൈസ്'. നിലവിലെ  പഠന സമയത്തെ ബാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ സിലബസിന് അകത്തു നിന്നു കൊണ്ടു തന്നെ വിജ്ഞാനത്തിന്റെയും അഭിരുചികളുടെയും പരമാവധി സാധ്യതകള്‍ കുട്ടികള്‍ക്ക്  ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ആദ്യഘട്ടത്തില്‍ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനവും രണ്ടാം ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനുമാണ് നടപ്പാക്കുന്നത്. ഇതിനായി ഡിജിറ്റല്‍ -ഹൈടെക്ക്ക്ലാസ്സ് റൂമുകള്‍, ഡിജിറ്റല്‍ ലാബ് തുടങ്ങിയാണ് ഒരുക്കുന്നത്.  22 ഘടകപദ്ധതികളുമായി പൊന്നാനി മണ്ഡലത്തില്‍ നടപ്പാക്കുന്ന ബട്ടര്‍ഫ്‌ളൈസ് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക്  അറിവുകളുടെയും കഴിവുകളുടെയും പുത്തന്‍ വാതായനങ്ങളാണ് തുറന്നുകൊടുക്കുന്നത്.

 

date